ബംഗളൂരുവിൽ ടെക്കിയുടെ ആത്മഹത്യ നീതി വേണമെന്ന് കുടുംബം
text_fieldsഅതുൽ സുഭാഷ് പുറത്തുവിട്ട വിഡിയോ ദൃശ്യത്തിൽനിന്ന്
ബംഗളൂരു: ബംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
നഗരത്തിലെ സ്വകാര്യ ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് സ്വദേശിയായ അതുൽ സുഭാഷ് ആണ് (34) കഴിഞ്ഞ ദിവസം മരണക്കുറിപ്പ് ബാക്കിവെച്ച് ജീവനൊടുക്കിയത്. ഭാര്യയുടെയും അവരുടെ കുടുംബത്തിന്റെയും നിരന്തര പീഡനമാണ് തന്നെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് യുവാവിന്റെ ആത്മഹത്യക്കുറിപ്പിലുള്ളത്. ഭാര്യയുടെ ബന്ധുവായ ഒരു ജഡ്ജിയുടെ പേരും കുറിപ്പിലുണ്ട്. മാറത്തഹള്ളി മഞ്ജുനാഥ് ലേഔട്ടിലെ താമസസ്ഥലത്ത് സീലിങ് ഫാനിൽ കെട്ടിത്തൂങ്ങിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിനുമുമ്പ് റെക്കോഡ് ചെയ്തതെന്ന് കരുതുന്ന 80 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതു സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. താൻ സമ്പാദിച്ച പണമാണ് തന്റെ ശത്രുക്കളെ ശക്തരാക്കിയതെന്നും അതേ പണം ഉപയോഗിച്ചാണ് ഇപ്പോൾ അവരെന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഈ ചാക്രിക വ്യവസ്ഥ ഇങ്ങനെതന്നെ തുടരുമെന്നും യുവാവ് വിഡിയോ ദൃശ്യത്തിൽ പറയുന്നു.
കേസിൽ ഉൾപ്പെട്ട ജഡ്ജിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും യുവാവ് മരണത്തിനുമുമ്പ് ആവശ്യപ്പെട്ടിരുന്നു. ദാമ്പത്യ ജീവിതത്തിൽ അതുലും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും യുവാവിനെതിരെ ഭാര്യ ഉത്തർപ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. 2019ൽ വിവാഹിതരായ ഇരുവരും കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു.
അതുലിന് നീതി വേണമെന്നാവശ്യപ്പെട്ട് സഹോദരൻ ബികാസ്, ബന്ധു പവൻകുമാർ എന്നിവർ രംഗത്തെത്തി. പീഡനമാണ് മരണത്തിലേക്ക് വഴിവെച്ചതെന്നും ഭാര്യയും അവരുടെ കുടുംബാംഗങ്ങളും തുടർച്ചയായി പണം ആവശ്യപ്പെട്ടിരുന്നെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. നാലു വയസ്സുള്ള കുഞ്ഞിന്റെ ചെലവിലേക്കെന്ന് പറഞ്ഞ് ആദ്യം മാസംതോറും 40,000 രൂപയാണ് അതുലിൽനിന്ന് ഭാര്യ വാങ്ങിയിരുന്നത്. പിന്നീടത് ഇരട്ടിയായി ചോദിച്ചെന്നും അവർ പറഞ്ഞു. പണം നൽകാൻ കഴിയില്ലെങ്കിൽ അതുൽ ആത്മഹത്യ ചെയ്യുകയാണ് നല്ലതെന്ന് ഭാര്യ ജഡ്ജിയുടെ സാന്നിധ്യത്തിൽ പറഞ്ഞതായും അതുകേട്ട് ജഡ്ജി ചിരിച്ചത് അതുലിനെ വേദനിപ്പിച്ചതായും അവർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ബംഗളൂരു പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വൈകാതെ ഉത്തർപ്രദേശിലേക്ക് തിരിക്കും. യുവാവിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്നും കേസിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.