ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിച്ചില്ല; ഗുവാഹതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: കേരള ഹൈകോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസാക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാർശ മറികടന്ന് കേന്ദ്രസർക്കാർ ഗുവാഹതി ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസിനെ നിയമിച്ചു. ജമ്മു-കശ്മീർ, ലഡാക് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശിപാർശചെയ്ത ജസ്റ്റിസ് കോടീശ്വർ സിങ്ങിനെ ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസാക്കിയാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനം. ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ഛയ്യ വിരമിച്ചതിനെ തുടർന്നാണിത്.
ജസ്റ്റിസ് വിനോദ് ചന്ദ്രന്റേത് അടക്കമുള്ള കൊളീജിയം ശിപാർശകൾ നടപ്പാക്കാതെ കേന്ദ്രസർക്കാർ വെച്ചുതാമസിപ്പിക്കുന്നതിനെതിരെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ വിമർശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അത് അവഗണിച്ചും സ്വന്തം തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞമാസം 22ന് മൂന്ന് ഹൈകോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമാരായി സ്ഥലംമാറ്റാനാണ് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രനും കോടീശ്വർ സിങ്ങിനും പുറമെ ഉത്തരാഖണ്ഡ് ഹൈകോടതിയിലെ ജസ്റ്റിസ് സഞ്ജയ് മിശ്രയെ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്നതായിരുന്നു മൂന്നാമത്തേത്.
ഹൈകോടതി ചീഫ് ജസ്റ്റിസുമാരോ ജഡ്ജിമാരോ ആയ അഞ്ചുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന ശിപാർശയും നടപ്പാക്കാത്ത കേന്ദ്രസർക്കാർ അവരിൽ ചിലരുടെ കാര്യത്തിൽ വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ് കൗൾ മുമ്പാകെ തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കുറെ കൂടി സമയം വേണമെന്നും ആവശ്യപ്പെട്ടു. 150ഓളം ശിപാർശകൾ തീരുമാനമാക്കാതെവെച്ച കേന്ദ്രം അതിൽ 44 നിയമനങ്ങൾ വേഗം നടത്താമെന്നാണ് ഒടുവിൽ നൽകിയ ഉറപ്പ്.
കേരള ലോ അക്കാദമി ലോ കോളജിൽനിന്ന് നിയമബിരുദം നേടിയ വിനോദ് ചന്ദ്രൻ 1991ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. 2007 മുതൽ 2011വരെ കേരളസർക്കാർ പ്ലീഡറായിരുന്നു. 2011 നവംബറിൽ അഡീഷനൽ ജഡ്ജിയായ വിനോദ് ചന്ദ്രൻ 2013 ജൂൺ മുതൽ സ്ഥിരം ജഡ്ജിയാണ്.
2022 മേയിൽ ജസ്റ്റിസ് സുധാൻഷു ധുലിയയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയപ്പോഴും ഗുവാഹതി ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് കോടീശ്വർ സിങ്ങിനെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആക്കിയിരുന്നു. 2012 മുതൽ ഗുവാഹതി ഹൈകോടതി ജഡ്ജിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.