രാഹുലിനെയും മോദിെയയും സംവാദത്തിന് ക്ഷണിച്ച് മുൻ ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പൊതുസംവാദത്തിന് ക്ഷണം. സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി. ലോകൂർ, മുൻ ഹൈകോടതി ജഡ്‍ജി എ.പി. ഷാ, ‘ദി ഹിന്ദു’ മുൻ പത്രാധിപർ എൻ. റാം എന്നിവരടങ്ങുന്ന സംഘമാണ് ഇരുനേതാക്കളെയും സംവാദത്തിന് ക്ഷണിച്ചത്. ഇതുസംബന്ധിച്ച് ഇരുവർക്കും അയച്ച ക്ഷണപത്രത്തിന്റെ കോപ്പി അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
‘വിവിധ മേഖലകളിൽ കഴിവിന്റെ പരമാവധി രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ എഴുതുന്നു’വെന്ന ആമുഖത്തോടെ തുടങ്ങുന്ന കത്തിൽ നിലവിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ന്യൂനതകൾ എടുത്തുപറയുന്നുണ്ട്. ഇത് മറികടക്കാൻ സുതാര്യമായൊരു പൊതുസംവാദം ആവശ്യമാണെന്നും ക്ഷണപത്രിക വ്യക്തമാക്കുന്നു. ‘തെരഞ്ഞെടുപ്പ് റാലികളിലും പൊതുയോഗങ്ങളിലൂം ഇരുകൂട്ടരും ഭരണഘടനാ ജനാധിപത്യത്തെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. സംവരണം, ആർട്ടിക്ക്ൾ 370, സമ്പത്തിന്റെ വിതരണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി കോൺഗ്രസിനെ വെല്ലുവിളിച്ചു; മറുവശത്ത്, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ബി.ജെ.പിക്കെതിരെ ഭരണഘടനാ അട്ടിമറി, ഇലക്ടറൽ ബോണ്ട് വിഷയങ്ങളും ഉയർത്തി. അദ്ദേഹം ബി.ജെ.പിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. രണ്ടു ഭാഗത്തുനിന്നും ആരോപണങ്ങളും വെല്ലുവിളികളും മാത്രമാണ് കേൾക്കുന്നത്; അർഥവത്തായ പ്രതികരണങ്ങൾ കേൾക്കാനേയില്ല.
കൃത്രിമത്വത്തിന്റെയും വ്യാജവാർത്തകളുടെയും ഡിജിറ്റൽ കാലത്തെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ, പൊതുജനങ്ങൾ കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സുതാര്യവും ക്രിയാത്മകവുമായ തെരഞ്ഞെടുപ്പിന് അത്യന്താപേക്ഷികമാണ്. മാത്രവുമല്ല, ഈ പ്രതിസന്ധി ഒഴിവാക്കാൻ നേതാക്കളിൽനിന്ന് ജനങ്ങൾ നേരിട്ട് കാര്യങ്ങൾ ഗ്രഹിക്കുന്ന അവസ്ഥയുണ്ടാകണം. ജനാധിപത്യം ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കും. ഒരു പൊതുസംവാദത്തിലൂടെ അത് സാധ്യമാകും’ -ഇങ്ങനെ പോകുന്നു കത്തിലെ വരികൾ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ മുൻനിർത്തി സംവാദമാകാമെന്ന നിർദേശമാണ് ഇവർ മുന്നോട്ടുവെച്ചത്. സംവാദ സമയം, വേദി എന്നിവ ചേർന്നു തീരുമാനിക്കാമെന്നും നേതാക്കൾക്ക് പങ്കെടുക്കാൻ സൗകര്യപ്പെടില്ലെങ്കിൽ പ്രതിനിധികളെ നിശ്ചയിക്കാമെന്നും കത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ക്ഷണപത്രത്തോട് ഇരുപാർട്ടികളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.