ജസ്റ്റിസ് രാജേന്ദ്ര മേനോൻ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: മലയാളിയായ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ആഗസ്റ്റ് 17ന് അദ്ദേഹം ചുമതലയേൽക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മലയാളിയായ ഉത്തരഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചൊവ്വാഴ്ച അധികാരമേൽക്കും.
രാേജന്ദ്ര മേനോനെ ഡൽഹിയിലേക്ക് മാറ്റാൻ കഴിഞ്ഞമാസം 16നാണ് കൊളീജിയം ശിപാർശ ചെയ്തത്. 2002 ഏപ്രിൽ ഒന്നിനാണ് മധ്യപ്രദേശ് ഹൈകോടതിയുടെ ഗ്വാളിയോർ ബെഞ്ചിൽ മേനോൻ അഡീഷനൽ ജഡ്ജിയായത്. 2008ൽ മുഖ്യബെഞ്ചിലേക്ക് മാറിയ മേനോൻ 2017ൽ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായി. ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തലിനെ ജമ്മു-കശ്മീർ ഹൈകോടതിയിലേക്ക് മാറ്റി. നേരത്തെ ഇവരെ ഡൽഹിയിൽ സ്ഥിരപ്പെടുത്താനുള്ള കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. അതിനിടെ ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജി ആയി ചൊവ്വാഴ്ച രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
ഇന്ദിര ബാനർജി, വിനീത് ശരൺ എന്നിവർക്കൊപ്പമാണ് ജസ്റ്റിസ് കെ.എം. ജോസഫ് ചുമതലയേൽക്കുക. പ്രായത്തിൽ മറ്റു രണ്ട് ജഡ്ജിമാരേക്കാൾ ജൂനിയറായ ജസ്റ്റിസ് കെ.എം. ജോസഫ് 2023 ജൂൺ വരെ സുപ്രീംകോടതിയിലുണ്ടാകും. സുപ്രീംകോടതി കൊളീജിയവുമായി മാസങ്ങൾ നീണ്ട കൊമ്പുകോർക്കലിനൊടുവിലാണ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചത്. ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി അഭിഭാഷക ഇന്ദു മല്‍ഹോത്രക്കൊപ്പം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്.
ഉത്തരഖണ്ഡിൽ കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ മോദി സർക്കാറിെൻറ നടപടി റദ്ദാക്കിയതിലെ പ്രതികാര നടപടിയെന്ന നിലയിൽ ഇൗ ശിപാർശ ഏറെ വെച്ചുതാമസിപ്പിച്ചതിൽ വ്യാപകമായ പരാതിയുയർന്നപ്പോൾ ഇന്ദു മൽഹോത്രയെ മാത്രം ജഡ്ജിയാക്കി. കേന്ദ്ര സർക്കാർ തിരിച്ചയച്ച ശിപാർശ കൊളീജിയം വീണ്ടും ആവർത്തിക്കുകയായിരുന്നു.
കശ്മീർ ഹൈകോടതിയിൽ ആദ്യമായി വനിത ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ജമ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസായി ഗീത മിത്തലിനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജമ്മു-കശ്മീർ ഹൈകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിത ചീഫ് ജസ്റ്റിസ്.
രാജസ്ഥാൻ ഹൈകോടതി ജസ്റ്റിസ് കൽപേഷ് സത്യേന്ദ്ര ഝാവേരിയെ ഒഡിഷ ഹൈകോടതിയിലും കൊൽക്കത്ത ഹൈകോടതി ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഝാർഖണ്ഡ് ഹൈകോടതിയിലും ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് വിജയ കെ. തഹിൽരമണിയെ മദ്രാസ് ഹൈകോടതിയിലും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.