‘ഹിന്ദി ചീനി ഭായ് ഭായ് എന്ന് വാദിച്ചു, ചൈനക്ക് ഭൂമി വിട്ടുകൊടുത്തത് കോൺഗ്രസ്’; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ
text_fieldsന്യൂഡൽഹി: ചൈനയുടെ അധിനിവേശം ലഡാക്കിനെ ബാധിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഒരു കാലത്ത് ഹിന്ദി ചീനി ഭായ് ഭായ് എന്ന് വാദിക്കുകയും 45,000 ചതുരശ്ര കിലോമീറ്റർ ചൈനക്ക് വിട്ടുകൊടുക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്ന് സിന്ധ്യ ആരോപിച്ചു.
മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
ചൈനയുടെ അധിനിവേശം ലഡാക്കിനെ ബാധിച്ചെന്നാണ് പാങ്ഗോങ് തടാകത്തിന് സമീപം മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്ത്യയുടെ യഥാർഥ നിയന്ത്രണരേഖ ചൈന മറികടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം തെറ്റാണ്. ഇവിടെയുള്ള ആരോട് ചോദിച്ചാലും മോദിക്ക് സത്യമറിയാമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ചൈന അവരുടെ ഭൂമി കൊണ്ടു പോയതിലാണ് ലഡാക്കിലെ ജനങ്ങൾക്ക് ആശങ്കയുള്ളത്. ഇതുമൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, ലഡാക്കിലെത്തി വിഷയം ഉയർത്തിയ രാഹുൽ ഗാന്ധിക്ക് നന്ദിയറിച്ച് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര രംഗത്തെത്തി. മോദിക്ക് പകരം മറ്റേതൊരു പ്രധാനമന്ത്രിയാണെങ്കിലും ലഡാക്കിലെത്തി ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നൽകുമായിരുന്നു. എന്നാൽ, ഇതിന് പകരം ചൈനക്ക് ക്ലീൻചിറ്റ് നൽകാനാണ് മോദി ശ്രമിച്ചത്. ചൈനക്ക് സന്ദേശം നൽകിയതിൽ രാഹുൽ ഗാന്ധിയോട് നന്ദി പറയുകയാണെന്ന് പവൻ ഖേര ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.