എ.ഐ.എ.ഡി.എം.കെ മുന്നണി വിട്ടതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അണ്ണാമലൈ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ മുന്നണി വിട്ടതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. ബി.ജെ.പിയുടെ 'എൻ മണ്ണ്, എൻ മക്കൾ' പദയാത്ര നയിക്കുന്ന അണ്ണാമലൈ, യാത്ര പൂർത്തിയാക്കിയ ശേഷം ഇക്കാര്യങ്ങളിൽ അഭിപ്രായം പറയാമെന്ന് വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള പദയാത്ര നിലവിൽ കോയമ്പത്തൂരിലാണ് പര്യടനം നടത്തുന്നത്.
തമിഴ്നാട്ടിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയേകിക്കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ വിട്ടത്. അണ്ണാമലൈയുമായുള്ള അഭിപ്രായഭിന്നതകളാണ് ഒടുവിൽ എ.ഐ.എ.ഡി.എം.കെയെ മുന്നണിക്ക് പുറത്തേക്ക് നയിച്ചത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി നിൽക്കാനാണ് പാർട്ടി തീരുമാനം.
അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ സഖ്യത്തെ നയിക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചതായി മുൻമന്ത്രിയും മുതിർന്ന നേതാവുമായ കെ.പി. മുനുസാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് കോടിയിലധികം വരുന്ന പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്നതാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പിയുടെ നയങ്ങളെ വിമർശിച്ച നേതാക്കൾ, സി.എൻ. അണ്ണാദുരൈ, ജയലളിത തുടങ്ങിയ അതികായരെ അപകീർത്തിപ്പെടുത്താനാണ് ബി.ജെ.പി നേതാക്കൾ ശ്രമിച്ചതെന്ന് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അണ്ണാദുരൈ വിരുദ്ധ പ്രസ്താവന ഇരുപാർട്ടികളും തമ്മിലുള്ള വിടവിന് കാരണമായിരുന്നു. പാർട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് എൻ.ഡി.എ ബന്ധം ഉപേക്ഷിക്കൽ നേതാക്കളും പ്രവർത്തകരും ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.