കാർഷിക ബില്ലുകൾ മധുരത്തിൽ പൊതിഞ്ഞ ഗുളിക, പല്ലും നഖവും ഉപയോഗിച്ച് നേരിടണമെന്ന് ടി.ആർ.എസ്
text_fieldsന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളെയും തെലങ്കാന രാഷ്ട്ര സമിതി എതിർക്കുമെന്ന് പാർട്ടി പ്രസിഡൻറും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. ഈ ബില്ലുകൾ കർഷകരോട് കടുത്ത വഞ്ചന കാണിക്കുന്നു. ബില്ലുകൾ മധുരത്തിൽ പൊതിഞ്ഞ ഗുളികകളാണ്. ടി.ആർ.എസ് എം.പിമാരോട് ബില്ലിനെ പാർലമെൻറിൽ പല്ലും നഖവും ഉപയോഗിച്ച് നേരിടാൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ബില്ലുകൾ പ്രത്യക്ഷത്തിൽ തന്നെ കർഷകർക്ക് അനുകൂലമല്ലെന്നും കോർപറേറ്റുകൾ നേട്ടമുണ്ടാക്കുന്നതാണെന്നും കാണാനാകും. രാജ്യസഭയിൽ ഈ ബില്ലുകൾ അവതരിപ്പിക്കുേമ്പാൾ എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ- വിലസ്ഥിരത- കാർഷിക സേവന ബിൽ, അവശ്യസാധന നിയമ ഭേദഗതി ബിൽ എന്നിവയാണ് മോദി സർക്കാറിൻെറ കാർഷിക ബില്ലുകൾ.
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾ പ്രതിപക്ഷ പാർട്ടികളും ഇടതുപാർട്ടികളും എതിർത്തിരുന്നു. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കർഷക പ്രക്ഷോഭത്തെ തുടർന്ന് ശിരോമണി അകാലിദളിൻെറ മന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയിൽനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.