കെ. കവിതയുടെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈകോടതി ജൂലൈ ഒന്നിന് വിധി പറയും
text_fieldsന്യൂഡൽഹി: ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സി.ബി.ഐ, ഇ.ഡി കേസുകളിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈകോടതി ജൂലൈ ഒന്നിന് വിധി പറയും. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്തശർമയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു.
കെ. കവിതക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരും ഹാജരായി. സി.ബി.ഐക്ക് വേണ്ടി അഭിഭാഷകൻ ഡി.പി. സിങ്ങും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വേണ്ടി അഭിഭാഷകൻ സോഹെബ് ഹുസൈനും ഹാജരായി. പൊതുപ്രവർത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തവും അനധികൃത പണത്തിന്‍റെ ഒഴുക്കും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടരന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്ന് ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ സി.ബി.ഐ വ്യക്തമാക്കി.
കുറ്റാരോപിതയായ ഹരജിക്കാരിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. കുറ്റത്തിന്‍റെ സ്വഭാവവും കുറ്റാരോപിതൻ പ്രയോഗിച്ചേക്കാവുന്ന സ്വാധീനവും കണക്കിലെടുക്കണമെന്നും അഭിഭാഷകർ വാദിച്ചു.
ഡൽഹി എക്സൈസ് നയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈകോടതി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും സി.ബി.ഐക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. കവിതക്കും മറ്റ് പ്രതികളായ ചൻപ്രീത് സിങ്, ദാമോദർ, പ്രിൻസ് സിങ്, അരവിന്ദ് കുമാർ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
താൻ രണ്ട് കുട്ടികളുടെ അമ്മയാണ്. അവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. കുട്ടികൾ കേസിന്‍റെ ആഘാതത്തിലാണെന്നും കവിത സമർപ്പിച്ച ഹരജിയിൽ പറയുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ തന്നെ അഴിമതിയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കവിത പുതിയ ജാമ്യാപേക്ഷയിൽ ആരോപിച്ചു.
കവിത സമർപ്പിച്ച ജാമ്യാപേക്ഷ മെയ് 6ന് ഡൽഹി റോസ് അവന്യൂ കോടതി തള്ളിയിരുന്നു. മാർച്ച് 15ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ഏപ്രിൽ 11ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും കവിതയെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ സി.ബി.ഐ റിമാൻഡ് അപേക്ഷയിലൂടെ, പ്രതികളും സംശയാസ്പദമായ വ്യക്തികളും തമ്മിൽ നടന്ന വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കവിതയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജി.എൻ.സി.ടി.ഡി നിയമം 1991, ബിസിനസ് റൂൾസ് 1993, ഡൽഹി എക്സൈസ് നിയമം 2009, ഡൽഹി എക്സൈസ് ചട്ടങ്ങൾ 2010 എന്നിവയുടെ പ്രഥമദൃഷ്ട്യാ ലംഘനങ്ങൾ കാണിച്ച് ജൂലൈയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.