സംഘപരിവാറുകാർക്കേ ഇത്തരം മ്ലേച്ഛമായ പരാമർശം നടത്താൻ കഴിയൂ -ആനിരാജ
text_fieldsന്യൂഡൽഹി: സി.പി.എം വനിത നേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ നടത്തിയ പരാമർശം മ്ലേച്ഛമാണെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീയെ അധിക്ഷേപിക്കുന്ന ക്രിമിനല്‍ പരാമർശമാണ് സുരേന്ദ്രൻ നടത്തിയത്.
സ്ത്രീയെ രണ്ടാംതര പൗരയായി കാണുന്ന മനുവാദ, സംഘപരിവാർ ഫാഷിസ്റ്റ് സംഘടനകളില്‍ നിന്നുള്ളവർക്കേ ഇത്തരം മ്ലേച്ഛമായ പരാമർശം നടത്താൻ കഴിയൂ. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് പ്രസ്താവന. സി.പി.എമ്മിന്‍റേത് മാത്രമല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ് പരാമർശം. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നുവെന്നും ആനി രാജ ചോദിച്ചു.
ഏതാനും ദിവസം മുമ്പ് തൃശൂരിൽ ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘ രൂപവത്കരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിെൻറ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിത നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു പരാമർശം. ഒപ്പം പാർട്ടിയിലെ വനിത നേതാവിനെയും പരോക്ഷമായി സുരേന്ദ്രൻ പരിഹസിച്ചു.
പരാമർശത്തിനെതിരെ കെ. സുധാകരൻ ആദ്യം രംഗത്തെത്തിയത് സി.പി.എമ്മിനെ വെട്ടിലാക്കി. തുടർന്ന് വി.ഡി. സതീശനും പ്രതികരിച്ചു. സി.പി.എം പരാതി നൽകിയില്ലെങ്കിൽ തങ്ങൾ പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുപിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നൽകി.
ഇതോടെ ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിള അസോസിയേഷനും രംഗത്തെത്തി. ഇരുകൂട്ടരും മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നൽകി. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് സി.എസ്. സുജാത നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.