സൗമ്യ വധക്കേസ്: സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് കട്ജു
text_fieldsന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അയച്ച നോട്ടീസ് കൈപ്പറ്റിയതിനാല്‍ നവംബര്‍ 11ന് ഉച്ചക്ക് രണ്ടു മണിക്ക് സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് കട്ജു അറിയിച്ചു. അതേസമയം മുന്‍ സുപ്രീംകോടതി ജഡ്ജിയെ കേസില്‍ കക്ഷിയായി ചേര്‍ക്കുന്നതിലുള്ള ഭരണഘടനാപരമായ തടസ്സം സംബന്ധിച്ച് സുപ്രീംകോടതിയാണ് തീര്‍പ്പ് കല്‍പിക്കേണ്ടതെന്നും കട്ജു പറഞ്ഞു.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുകയും വധശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും ചെയ്ത സുപ്രീംകോടതിയെ വിമര്‍ശിച്ച് ഫേസ്ബുക് പോസ്റ്റിട്ടതിനാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചത്. ഗോവിന്ദച്ചാമിയെ കൊലപാതകക്കുറ്റത്തില്‍ നിന്നൊഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധനാ ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയശേഷം ജസ്റ്റിസ് കട്ജുവിന്‍െറ ഭാഗം കേള്‍ക്കാനായി മാത്രം കേസ് അടുത്തമാസം 11ലേക്ക് സുപ്രീംകോടതി മാറ്റുകയായിരുന്നു. അദ്ദേഹത്തിന്‍െറ വിമര്‍ശം മറ്റൊരു പുനഃപരിശോധനാ ഹരജിയായി പരിഗണിച്ചായിരുന്നു സുപ്രീംകോടതി നടപടി.
എന്നാല്‍, ഭരണഘടനയുടെ 124 (7) അനുച്ഛേദമനുസരിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജിക്ക് കേസില്‍ കക്ഷിയായോ സാക്ഷിയായോ ഹാജരാകാന്‍ കഴിയില്ളെന്നും അതിനാല്‍ താന്‍ ഹാജരാകില്ളെന്നും പ്രതികരിച്ച ജസ്റ്റിസ് കട്ജു പിന്നീട് ഭരണഘടനാപരമായ തടസ്സമില്ളെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ ഹാജരാകുമെന്ന് വ്യക്തമാക്കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയ സാഹചര്യത്തില്‍ നവംബര്‍ 11ന് സുപ്രീംകോടതിയില്‍ ഹാജരാകുമെന്നാണ് ജസ്റ്റിസ് കട്ജു ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്്. ഭരണഘടനാപരമായ തടസ്സം സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പ് കല്‍പിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജിയെ കേസില്‍ കക്ഷിചേര്‍ത്ത് ഹാജരാകാന്‍ സുപ്രീംകോടതി നോട്ടീസ് അയക്കുന്നത്. കോടതിയുടെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സൗമ്യവധക്കേസില്‍ സെപ്റ്റംബര്‍ 15ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹരജി തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ മുന്‍ ജഡ്ജിയില്‍നിന്ന് വന്ന അത്തരമൊരു അഭിപ്രായം അങ്ങേയറ്റം ബഹുമാനത്തോടെയും പരിഗണനയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ ആ കുറിപ്പ് ഈ ഉത്തരവില്‍ പുനഃപ്രസിദ്ധീകരിച്ച് അത് സുപ്രീംകോടതി സ്വമേധയാ ഒരു പുനഃപരിശോധനാ ഹരജിയായി പരിഗണിക്കുകയാണെന്നും നവംബര്‍ 11ന് ഉച്ചക്ക് രണ്ടിന് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി കോടതി നടപടികളില്‍ പങ്കാളിയാകാന്‍ അപേക്ഷിക്കുകയാണെന്നും ഉത്തരവ് തുടര്‍ന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 15ന് സൗമ്യ വധക്കേസില്‍ തങ്ങള്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കത്തക്കവിധം എന്തെങ്കിലും മൗലികമായ പിഴവ് സംഭവിച്ചോ എന്നറിയാനാണ് ഹാജരാകാന്‍ ആവശ്യപ്പെടുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മൂന്ന് ജഡ്ജിമാരടങ്ങുന്ന ഈ ബെഞ്ച് അടുത്തമാസം 11ന് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടും ഉത്തരവില്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.