ആംബുലൻസിൽ കയറി രോഗിയെ പരിശോധിച്ചു; ഡോ. കഫീൽ ഖാനെതിരെ കേസ്
text_fieldsഅനുവാദമില്ലാതെ ആംബുലൻസിൽ കയറി വനിതാ രോഗിയെ പരിശോധിച്ചതിന് ഡോ. കഫീൽ ഖാനെതിരെ കേസ്. സമാജ്‌വാദി പാർട്ടി എം.എൽ.സി സ്ഥാനാർഥിയും പീഡിയാട്രീഷ്യനുമാണ് കഫീൽഖാൻ.
2017 ആഗസ്തിൽ ഖൊരക്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവത്തിലാണ് കഫീൽ ഖാൻ രാജ്യശ്രദ്ധയാകർഷിക്കുന്നത്. വിഷയത്തിൽ ഖാനെ വേട്ടയാടിയ സർക്കാർ ഇദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശകനായ കഫീൽഖാൻ നിരന്തരം ഭരണകൂടത്താൽ വേട്ടയാടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ നിയമനിർമാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നൽകാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെയാണ് കഫീൽ വീണ്ടും ചിത്രങ്ങളിൽ നിറയുന്നത്.
ആംബുലൻസ് ഡ്രൈവറുടെ സമ്മതമില്ലാതെ രോഗിയെ പരിശോധിച്ച കഫീൽ ഖാനെതിരെ ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം. അതേസമയം, കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് കഫീൽ ഖാൻ ആരോപിക്കുന്നത്.
മാർച്ച് 26നാണ് കേസിനാധാരമായ സംഭവം. ചൊവ്വാഴ്ചയാണ് കേസെടുത്തത്. ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്രൈവറായ പ്രകാശ് പട്ടേൽ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഐ.പി.സി 332, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഡിയോറിയ സർക്കിൾ ഓഫീസർ ശ്രേയസ്സ് ത്രിപാതി അറിയിച്ചു.
ആരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർമാർ ഡിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ആംബുലൻസിൽ വേണ്ടത്ര ഓക്‌സിജനില്ലാത്തതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴേക്ക് രോഗി മരിച്ചുവെന്നുമാണ് പരാതിക്കാരൻ പറഞ്ഞത്. ഇതിന് ശേഷം കഫീൽ സ്ഥലത്തെത്തി രോഗിയെ സമ്മതം കൂടാതെ പരിശോധിച്ചുവെന്നാണ് പരാതിയിൽ കുറ്റപ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള വീഡിയോ മാർച്ച് 28ന് കഫീൽ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ കാലിയാണെന്നും ആശുപത്രിയിൽ താൽകാലിക ഓക്സിജൻ ബാഗുകളും മറ്റു ജീവൻ രക്ഷാ സംവിധാനങ്ങളും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലാക്കി തിരിച്ചുവരവേ, ഒരു യുവാവ് ആംബുലൻസിലുള്ള തന്റെ അമ്മയെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കഫീൽ ഖാൻ പറഞ്ഞിരുന്നു. ആംബുലൻസിലും ആശുപത്രിയിലുമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. കഫീൽ ഖാന്റെ ആരോപണം തെറ്റാണെന്നാണ് ഡിയോറ അഡീഷണൽ മജിസ്‌ട്രേറ്റ് കുൻവാർ പങ്കജ് സിങ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.