സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും യോഗിക്ക് കത്തെഴുതി കഫീൽ ഖാൻ
text_fieldsലഖ്നോ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലെങ്കിലും തൻെറ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡോ. കഫീൽ ഖാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. തീവ്രപരിചരണ വിഭാഗത്തിലെ 15 വർഷത്തെ അനുഭവവും കോവിഡ് രോഗികളെ സേവിക്കാനുള്ള സന്നദ്ധതയും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
നേരത്തെ നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം അപേക്ഷ നൽകിയിരുന്നു. കൊറോണക്കെതിരെ മുൻനിരയിൽനിന്ന് പ്രവർത്തിക്കാൻ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 25ലധികം കത്തുകൾ അധികൃതർക്ക് അദ്ദേഹം എഴുതിയിട്ടുണ്ട്. ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ കോടതിയിലും മറ്റ് അന്വേഷണങ്ങളിലും തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചിട്ടും ആരോപണ വിധേയരായ മറ്റെല്ലാ ഡോക്ടർമാരെയും തിരികെയെടുത്തിട്ടും തന്നെമാത്രം അവഗണിക്കുകയാണെന്നും കഫീൽ ഖാൻ പറയുന്നു.
നിലവിൽ 'ഡോക്ടേഴ്സ് ഓൺ റോഡ്' എന്ന സംഘടനയിൽ പ്രവർത്തിക്കുകയാണ് അദ്ദേഹം. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ വൈദ്യ സഹായം നിലച്ച ഉൾനാടുകളിലെ സേവനത്തിലാണ് 'ഡോക്ടേഴ്സ് ഓൺ റോഡ്' അംഗങ്ങൾ. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ ഉൾനാടുകളിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുകയും സാധ്യമായ വൈദ്യ സഹായവും മരുന്നുകളും എത്തിച്ചു നൽകുകയുമാണ് പ്രവർത്തനം. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചും പരമാവധി ആളുകളെ സഹകരിപ്പിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്.
kafeel khan2017 ആഗസ്റ്റിലാണ് കഫീൽ ഖാനെ യു.പി സർക്കാർ സസ്പെൻഡ് ചെയ്തത്. ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ മുഖം രക്ഷിക്കാനാണ് ശിശുരോഗ വിദഗ്ധനായിരുന്ന കഫീൽ ഖാനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിലടക്കം അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.