‘നമുക്ക് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കാണാം’ -ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് കേരള മുൻ ഡി.ജി.പി എൻ.സി. അസ്താന; എവിടെ വരണമെന്ന് ബജ്രംഗ് പുനിയ
text_fieldsന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി കേരള മുൻ ഡി.ജി.പി എൻ.സി. അസ്താന. ആവശ്യമെങ്കില്‍ വെടിവെക്കുമെന്നും പൊലീസിന് അതിനുള്ള അവകാശമുണ്ടെന്നും ട്വിറ്ററിലൂടെ അസ്താന ഭീഷണിമുഴക്കി. നമുക്ക് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ടേബിലില്‍ കാണാമെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
വെടിവെക്കാൻ ഞങ്ങൾ എവിടെ വരണമെന്ന് പറഞ്ഞാൽ മതിയെന്ന് ട്വിറ്ററിലൂടെ ഗുസ്തിതാരം ബജ്റംഗ് പുനിയ തിരിച്ചടിച്ചു. ‘ഞങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്. വെടിയേല്‍ക്കാന്‍ എവിടെയാണ് വരേണ്ടത്?’ അസ്താനയോട് പൂനിയ ചോദിച്ചു.
‘ഈ ഐപിഎസ് ഓഫിസർ ഞങ്ങളെ വെടിവെച്ച് കൊല്ലുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. സഹോദരാ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്. വെടിവെയ്ക്കാൻ എവിടേക്കാണ് വരേണ്ടതെന്ന് പറയൂ... ഞാൻ പുറം തിരിഞ്ഞ് നിൽക്കില്ലെന്ന് സത്യം ചെയ്യുന്നു, നിങ്ങളുടെ ബുള്ളറ്റ് എന്റെ നെഞ്ചിലേക്ക് തന്നെ ഏറ്റുവാങ്ങും. ഇനി ഞങ്ങളോട് ചെയ്യാൻ ഇത് മാത്രമാണ് അവശേഷിക്കുന്നത്’ -പുനിയ ട്വീറ്റ് ചെയ്തു.
‘വെടിവെക്കാൻ പൊലീസിന് അധികാരമുണ്ട്. നിങ്ങള്‍ പറയുമ്പോഴല്ല വെടിവെക്കുക. ഇപ്പോൾതന്നെ മാലിന്യച്ചാക്ക് പോലെ ഞങ്ങള്‍ നിങ്ങളെ വലിച്ചെറിഞ്ഞു. സെക്ഷന്‍ 129 പൊലീസിന് വെടിവെപ്പിനുള്ള അനുമതി നല്‍കുന്നുണ്ട്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അത് ഉപയോഗിക്കും. എന്നാലത് അറിയണമെങ്കില്‍ വിദ്യാഭ്യാസം ആവശ്യമാണ്. എന്നാല്‍, നമുക്ക് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കാണാം' എന്നായിരുന്നു അസ്താനയുടെ ട്വീറ്റ്.
മുമ്പും തീവ്രഹിന്ദുത്വ ട്വീറ്റുകളുടെ പേരിൽ കുപ്രസിദ്ധി നേടിയ ആളാണ് അസ്താന. ഇയാളുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ ഞായറാഴ്ച ഡൽഹി പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ, സമരത്തിന് നേതൃത്വം നൽകുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംങ് പൂനിയ എന്നിവരുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഒരു പുതിയ ചരിത്രം രചിക്കുന്നുവെന്നാണ് കേസ് രജിസ്റ്റർ ചെയ്തതിനെ കുറിച്ച് വിനേഷ് ഫോഗട്ട് പ്രതികരിച്ചത്.
‘ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് ഏഴു ദിവസങ്ങളെടുത്തു. എന്നാൽ സമാധാനപരമായി സമരം ചെയ്ത ഞങ്ങൾക്കെതിരെ കേസെടുക്കാർ ഏഴുമണിക്കൂർ പോലും വേണ്ടി വന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുകയാണോ? സർക്കാർ അവരുടെ കായിക താരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം മുഴുവൻ കാണുന്നുണ്ട്. പുതിയ ചരിത്രം എഴുതപ്പെടുകയാണ്’ -വിനേഷ് ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.