നിത്യാനന്ദ മരിച്ചോ ?; ബന്ധുവിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി കൈലാസ അധികൃതർ
text_fieldsന്യൂഡൽഹി: വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചുവെന്ന ബന്ധുവിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി കൈലാസ അധികൃതർ. നിത്യാനന്ദ തന്നെ സ്ഥാപിച്ച സാങ്കൽപ്പിക രാജ്യത്തിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് എത്തിവരാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിത്യാനന്ദ ജീവനോടെയിരിക്കുന്നുവെന്നും സജീവമായി പ്രവർത്തിക്കുന്നുവെന്നും കൈലാസയുടെ വിശദീകരണം.
മാർച്ച് 30ന് ഉഗാഡി ആഘോഷങ്ങളിൽ നിത്യാനന്ദ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പങ്കുവെച്ചാണ് കൈലാസ അധികൃതരുടെ വിശദീകരണം. നിത്യാനന്ദയെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രചാരണം ബന്ധു നടത്തുന്നതെന്നും കൈലാസ അധികൃതർ വിശദീകരിക്കുന്നുണ്ട്.
സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ നിത്യാനന്ദ ജീവത്യാഗം ചെയ്തെന്നായിരുന്നു സഹോദരിയുടെ മകനും അനുയായിയും കൂടിയായ സുന്ദരേശ്വൻ അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2010ൽ സിനിമ നടിക്കൊപ്പമുള്ള വിഡിയോ പുറത്തുവന്നത് മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്നയാളാണ് നിത്യാനന്ദ.
തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ്ദമ്പതിമാർ നൽകിയ പരാതിയിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് നടപടി ആരംഭിച്ചതിനെ തുടർന്ന് നിത്യാനന്ദ 2019ൽ ഇന്ത്യ വിടുകയായിരുന്നു. തുടർന്ന് ഇക്വഡോറിന് സമീപം ഒരു ദ്വീപിൽ അനുയായികൾക്കൊപ്പം കഴിയുന്നുവെന്നാണ് വിവരം. പിന്നീട് ഓൺലൈൻ മുഖേന നിരവധി തവണ ആത്മീയപ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. ബലാത്സംഗം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.