ഗുൽബർഗയിൽ കളി അവസാന ഓവറിലേക്ക് നീളും
text_fieldsമലയാളിയും ഇന്ത്യയിലെ കോൺഗ്രസുകാരനായ ആദ്യ പ്രതിപക്ഷ നേതാവുമായിരുന്ന സി.എം. സ്റ്റീഫനെ പ്രതിസന്ധിഘട്ടത്തിൽ ജയിപ്പിച്ചുവിട്ട മണ്ഡലമാണ് വടക്കൻ കർണാടകയിലെ കലബുറഗി (ഗുൽബർഗ). ഇന്ദിര ഗാന്ധിയുടെ വലംകൈയായിരുന്ന സ്റ്റീഫൻ, 1980ൽ ഡൽഹിയിൽ വാജ്പേയിയോട് തോറ്റിരുന്നു. ഇതോടെ പാർട്ടി നിർദേശപ്രകാരം ധരംസിങ് ഗുൽബർഗയിൽ രാജിവെച്ചു. സി.എം. സ്റ്റീഫൻ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് ഇന്ദിര മന്ത്രിസഭയിൽ വാർത്താ വിതരണ മന്ത്രിയുമായി. സ്റ്റീഫന്റെ മാനംകാത്ത മണ്ഡലത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഇപ്പോൾ അഗ്നിപരീക്ഷയിലാണ്. മത്സരിക്കുന്നില്ലെങ്കിലും മണ്ഡലത്തിൽ ജയം ഉറപ്പുവരുത്തണം. ദലിത് സ്വാധീനമുള്ള സ്വന്തം മണ്ഡലത്തിൽ ഖാർഗെയെ പോലൊരു ദലിത് ദേശീയ നേതാവിന് ജയമുറപ്പിക്കാനായില്ലെങ്കിൽ അതിൽപരം നാണക്കേട് മറ്റെന്താണ്?
ദേശീയ പ്രചാരണ തിരക്കുകൾക്കിടയിലും സ്വന്തം തട്ടകത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്. 2019ൽ കലബുറഗിയിൽ തനിക്കേറ്റ തോൽവി അദ്ദേഹത്തെ ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നു. ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിക്കെതിരെ ബി.ജെ.പി സിറ്റിങ് എം.പി ഉമേഷ് ജാദവാണ് സ്ഥാനാർഥി. 2019ലെ ഓപറേഷൻ താമരയിൽ മറുകണ്ടം ചാടിയ പഴയ കോൺഗ്രസുകാരൻ. മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ, അത്രയെളുപ്പമല്ല കാര്യങ്ങൾ.
കലബുറഗി നഗരത്തിലെ എം.എസ്.കെ മിൽസ് ഏരിയയിൽ പ്രചാരണത്തിന് ഖാർഗെ വരുന്നുവെന്നറിഞ്ഞാണ് അവിടേക്ക് പോയത്. പ്രചാരണ വേദിക്കുസമീപം ഗവ. ഉർദു പ്രൈമറി സ്കൂൾ മുറ്റത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സുരക്ഷാ സൈനികരും പ്രദേശത്തെ യുവാക്കളും ക്രിക്കറ്റ് കളിക്കുന്നു. ‘ലഗാൻ’ മോഡലിൽ സേന ഒരു ഭാഗത്ത്; എതിർ ടീമായി നാട്ടുകാരും. കളി മുറുകുന്നതിനിടെ കാഴ്ചക്കാരിൽനിന്ന് ഇംറാൻ എന്ന ചെറുപ്പക്കാരനുമായി സംസാരിച്ചു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്കുവേണ്ടി മത്സരിച്ചയാളാണ്. ഇപ്പോൾ കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തുന്നു.
‘കോൺഗ്രസിന് സീറ്റ് തിരിച്ചുപിടിക്കാനാവില്ലേ..’എന്നു ഞാൻ ചോദിച്ചു. സാബ്, ഒന്നും ഉറപ്പിക്കാവുന്ന സാഹചര്യമല്ലെന്നായിരുന്നു മറുപടി. (പിന്നീട് കണ്ടുമുട്ടിയ പാർട്ടി അനുയായികളല്ലാത്ത പലരിൽനിന്നും ഇതേ മറുപടിയാണ് ലഭിച്ചത്) കലബുറഗി നഗരത്തിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും കൂടുതൽ പേരും നിരക്ഷരരാണെന്നും വിലക്കയറ്റവും കർഷക പ്രശ്നങ്ങളും മറ്റും സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതെങ്ങനെ എന്നു പറഞ്ഞു ബോധ്യപ്പെടുത്തൽ ഏറെ ശ്രമകരമാണെന്നും ഇംറാൻ പറഞ്ഞു.
ചൂട് ചിലപ്പോൾ വില്ലനായി മാറാനുള്ള സാധ്യതയുമുണ്ട്. 44 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട് ഇവിടെ. സാധാരണ ഗതിയിൽ മുസ്ലിം വോട്ടുകൾ മുഴുവനായും മണ്ഡലത്തിൽ പോൾ ചെയ്യപ്പെടാറില്ല. ചൂടുകൂടിയാൽ പ്രായമുള്ള പലരും പുറത്തിറങ്ങുക പോലുമില്ല. ഹിന്ദു ഭൂരിപക്ഷ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി.ജെ.പി അവരുടെ വോട്ടുറപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പോളിങ് ശതമാനം ഉയർന്നാൽ അത് കോൺഗ്രസിന് സാധ്യതയേറ്റും. പ്രചാരണ യോഗത്തിൽ സദസ്സിലുണ്ടായിരുന്ന മുസ്ലിം അനുയായികളോട് ഖനീസ് ഫാത്തിമ എം.എൽ.എ ഊന്നിപ്പറഞ്ഞതും അതായിരുന്നു.
അവിചാരിതമായ കാരണത്താൽ ഖാർഗെ യോഗത്തിനെത്തിയില്ല; സ്ഥാനാർഥിയും. പകരം നസീർ ഹുസൈൻ എം.പിയെത്തി. എല്ലാവരെയും കൈയടിപ്പിച്ച പ്രസംഗത്തിന് ശേഷം അദ്ദേഹം വേദി വിട്ടിറങ്ങുമ്പോൾ ചെന്നുകണ്ടു. ‘മത്സരം കടുപ്പമാണെന്നാണല്ലോ ഗ്രൗണ്ട് റിപ്പോർട്ട് ’ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘മത്സരം ശക്തമാണെങ്കിലും ഞങ്ങൾ മറികടക്കും..’
കർണാടകയിൽനിന്ന് അവസാനമായി ഒരു മുസ്ലിം എം.പി ലോക്സഭയിലേക്ക് എത്തിയത് ഈ മണ്ഡലത്തിൽനിന്നാണ്; 2004 ൽ ഇഖ്ബാൽ അഹ്മദ് സറദ്ഗി. 1996ൽ ഖമറുൽ ഇസ്ലാം ജെ.ഡി-എസ് ടിക്കറ്റിൽ എം.പിയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് എം.എൽ.എ ഖനീസ് ഫാത്തിമ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിൽനിന്ന് ഇനിയൊരു മുസ്ലിം സ്ഥാനാർഥിയെ അടുത്ത കാലത്തൊന്നും കോൺഗ്രസിന് ലോക്സഭയിലേക്ക് വിജയിപ്പിക്കാനാവില്ല. നിയമസഭയിലേക്ക് ഇത്തവണ ഖനീസ് ഫാത്തിമ ജയിച്ചുകയറിയതുപോലും വെറും 2712 വോട്ടിനാണ്.
മണ്ഡലത്തിൽ അഞ്ചു ലക്ഷത്തോളം ലിംഗായത്ത് വോട്ടുകളുണ്ട്. ദലിത്, പിന്നാക്ക, മുസ്ലിം വോട്ടുകളും നിർണായകമാണ്. വോട്ടുറപ്പിക്കാൻ വിവിധ സമുദായ നേതാക്കളുമായി ഖാർഗെ തന്നെ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകിവരുന്നു. മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പ്രചാരണ തന്ത്രങ്ങൾ മെനയുന്നു. പാർട്ടി വിട്ടുപോയ ചില നേതാക്കളെ തിരികെയെത്തിക്കാൻ കഴിഞ്ഞത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കലബുറഗിയിലെ എട്ടിൽ ആറ് മണ്ഡലത്തിലും കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ അതപ്പടി പ്രതിഫലിച്ചുകൊള്ളണമെന്നില്ല. പോളിങ് ദിനംവരെ നീളുന്ന അനിശ്ചിതത്വം മണ്ഡലത്തിന്റെ കാര്യത്തിലുണ്ടെന്ന് സാമാന്യമായി വിലയിരുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.