കലാക്ഷേത്ര ലൈംഗികാരോപണം: പ്രഫസർ ഹരിപത്മൻ അറസ്റ്റിൽ
text_fieldsചെന്നൈ: കേന്ദ്ര സാംസ്കാരിക വകുപ്പിനു കീഴിലുള്ള ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അസി. പ്രഫ. ഹരിപത്മനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പൂർവവിദ്യാർഥിനി അഡയാർ സംയുക്ത വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീത്വത്തെ അപമാനിക്കൽ, വധഭീഷണി ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസ്. കലാക്ഷേത്ര ഫൗണ്ടേഷന്റെ കീഴിലുള്ള ചെന്നൈ തിരുവാൻമിയൂരിലുള്ള രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സ് കോളജിലാണ് ഹരിപത്മൻ ഉൾപ്പെടെ നാല് അധ്യാപകർ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണമുയർന്നത്. സായികൃഷ്ണൻ, സഞ്ജിത്ലാൽ, ശ്രീനാഥ് എന്നിവരാണ് മറ്റു മൂന്നുപേർ. കലാപരിശീലനസമയത്തും മറ്റും വിദ്യാർഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് ആരോപണം. നാല് അധ്യാപകരെയും സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതായി കോളജ് മാനേജ്മെന്റ് അറിയിച്ചു.
കേന്ദ്ര വനിതാ കമീഷൻ ചെയർമാൻ സ്ഥാപനത്തിൽ തെളിവെടുപ്പ് നടത്തി ഡി.ജി.പിക്ക് കത്ത് നൽകിയെങ്കിലും പിന്നീട് ലൈംഗികാതിക്രമമൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ് പിൻവലിക്കുകയായിരുന്നു. ഇതോടെ കാമ്പസിൽ വിദ്യാർഥിനികളുടെ പ്രതിഷേധസമരം ശക്തിപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ ആറുവരെ സ്ഥാപനം അടച്ചുപൂട്ടി. അതിനിടെ സംസ്ഥാന വനിതാ കമീഷൻ പ്രശ്നത്തിലിടപെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.