രാജ്യസഭ ചെയർമാനെ അനുകരിച്ച് കല്യാൺ ബാനർജി; വിവാദം
text_fieldsന്യൂഡൽഹി: സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യകവാടത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖറിനെ അനുകരിച്ചത് വിവാദമായി. ബാനർജിയുടെ അനുകരണം രാഹുൽ ഗാന്ധി വിഡിയോയിൽ പകർത്തിയത് രാജ്യസഭ ചെയർമാനെ രോഷാകുലനാക്കി.
ഭരണഘടനാസ്ഥാപനത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച ധൻഖർ ജാട്ട് സമുദായക്കാരനും രാജ്യസഭ ചെയർമാനും എന്ന നിലയിൽ തന്നെ നിന്ദിച്ചുവെന്ന് പറഞ്ഞ് സമുദായ വികാരംകൂടി പ്രകടിപ്പിച്ചതിനു പിന്നാലെ ജാട്ട് സമുദായ സംഘടന പ്രതിഷേധവുമായി രംഗത്തുവന്നു.
പ്രധാനമന്ത്രിക്കുവേണ്ടി പ്രതിപക്ഷത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് തൃണമൂൽ നേതാവ് കല്യാൺ ബാനർജി ചെയർമാന്റെ സംസാരം അനുകരിച്ചത്. നിരവധി പേരോടൊപ്പം രാഹുൽ ഗാന്ധിയും ഇത് വിഡിയോയിൽ പകർത്തി. ഇതറിഞ്ഞ് രാജ്യസഭയിൽ ക്ഷുഭിതനായ ചെയർമാൻ തന്റെ ഹൃദയത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് എന്താണെന്ന് ചിന്തിക്കണമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞു. രാജ്യസഭ ചെയർമാനെ ഒരു പാർലമെന്റ് അംഗം പരിഹസിക്കുമ്പോൾ താങ്കളുടെ മുതിർന്ന നേതാവ് വിഡിയോയിൽ പകർത്തുകയാണ്.
വ്യക്തിപരമായി തന്നെ നേരിടുകയാണ്. ഒരു കർഷകനെന്ന നിലയിൽ തന്റെ പശ്ചാത്തലം നോക്കേണ്ടതില്ല. സമുദായം നോക്കിയും തന്നെ പിന്തുണക്കേണ്ടതില്ല. ചെയർമാന്റെ പദവി ഇടിച്ചുകളഞ്ഞിരിക്കുന്നു. ഇത് വളരെ കൂടുതലായിപ്പോയി. താങ്കളുടെ പാർട്ടി ഇൻസ്റ്റഗ്രാമിൽ വിഡിയോ ഇട്ടുവെന്നും പിന്നീടത് പിൻവലിച്ചുവെന്നും തനിക്കത് നാണക്കേടുണ്ടാക്കിയെന്നും കോൺഗ്രസ് നേതാവ് ചിദംബരത്തെ പേരെടുത്ത് വിളിച്ച് ധൻഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.