ബാബരി മസ്ജിദ് തകർത്ത കേസിൽ കല്യാൺ സിങ്ങിനെ വിചാരണ ചെയ്തേക്കും
text_fieldsന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്ങിനെ ബാബരി മസ്ജിദ് തകർത്ത കേസിൽ വിചാരണ ചെയ്തേക്കും. ഗവർണർ പദവിയിലുള്ളയാൾക്ക് ഭരണഘടനാപരമായ പരിരക്ഷയുള്ളതിനാൽ ഇത്രയും കാലം കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ സാധിച്ചിരുന്നില്ല.
1992ൽ കല്യാൺ സിങ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ബാബരി മസ്ജിദ് തകർക്കുന്നത്. കുറ്റകരമായ ഗൂഢാലോചനക്കുറ്റമാണ് കല്യാൺ സിങ്ങിനെതിരെ ചുമത്തിയിരുന്നത്.
ഗവർണർ പദവി ഇല്ലാതായാൽ കല്യാൺ സിങ്ങിനെതിരായ നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് 2017ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
രാജസ്ഥാന്‍റെ പുതിയ ഗവർണറായി കൽരാജ് മിശ്രയെ കഴിഞ്ഞ ദിവസം രാഷ്ട്രപതി നിയമിച്ചിരുന്നു. സെപ്റ്റംബർ മൂന്നിന് കല്യാൺ സിങ് അഞ്ച് വർഷം പൂർത്തിയാക്കി ഗവർണർ പദവി ഔദ്യോഗികമായി ഒഴിയും.
ഭരണഘടനയിലെ ആർട്ടിക്കിൾ 361 പ്രകാരം രാഷ്ട്രപതിക്കെതിരെയോ ഗവർണർക്കെതിരെയോ അവർ പദവിയിൽ തുടരുന്ന കാലത്ത് നിയമനടപടി കൈക്കൊള്ളാനാവില്ല.
കല്യാൺ സിങ്ങിനെ കൂടാതെ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർക്കും ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സി.ബി.ഐ പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു. കലാപം മുൻകൂട്ടി അറിയാമായിരുന്നിട്ടും കല്യാൺ സിങ് തടയാനുള്ള നടപടി കൈക്കൊണ്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.