രജനിയുടെ തീരുമാനം നിരാശപ്പെടുത്തിയെന്ന് കമൽ ഹാസൻ
text_fieldsചെെന്നെ: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം നിരാശപ്പെടുത്തിയെന്ന് കമൽഹാസൻ. 'രജനിയുടെ ആരാധകരെപോലെ ഞാനും നിരാശനാണ്. അതേസമയം, അദ്ദേഹത്തിന്‍റെ ആരോഗ്യമാണ് ഏറ്റവും പ്രധാനം' - മക്കൾ നീതി മയ്യം സ്ഥാപകൻ കമൽഹാസൻ പറഞ്ഞു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സജീവ രാഷ്ട്രീയത്തിേലക്ക് പ്രവേശിക്കുമെന്ന് തമിഴ് സിനിമാ താരം രജനി ആദ്യമായി പ്രഖ്യാപിച്ചത് 2017 ലാണ്. പിന്നീട്, രജനിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കാര്യമായ തുടർ നീക്കങ്ങൾ ഉണ്ടായില്ല. എന്നാൽ, രജനിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഈ വർഷം വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഈ വർഷം ഡിസംബർ അവസാനം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നും 2021 ജനുവരിയോടെ പ്രവർത്തനം തുടങ്ങുമെന്നും രജനി തന്നെ പ്രഖ്യാപിച്ചു.
അതിനിടയിൽ, പ്രമുഖ നടൻ കമൽ ഹാസൻ മക്കൾ നീതി മയ്യം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. 3.7 ശതമാനം വോട്ട് വിഹിതമാണ് തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേടിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ കമൽ ഹാസൻ തുടങ്ങിയിട്ടുമുണ്ട്. രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതോടെ സഹകരിച്ച് പ്രവർത്തിക്കാൻ കമൽ ഹാസൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, രജനി അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രജനി രാഷ്ട്രീയ നീക്കത്തിൽ നിന്ന് പിൻമാറുന്നത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് ഹൈദരാബാദിൽ ചികിത്സയിലായിരുന്ന രജനി ആശുപത്രി വിട്ടയുടനെയാണ് പിൻമാറ്റം പ്രഖ്യാപിച്ചത്. ഡോക്ടർമാർ കടുത്ത വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് പിൻമാറ്റ തീരുമാനമെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.