'നിങ്ങൾ വിദ്വേഷം തുപ്പിയാൽ തമിഴ് തീ തുപ്പും'; തമിഴ് തായ്‍വാഴ്ത്ത് വിവാദത്തിൽ കമൽഹാസൻ
text_fieldsചെന്നൈ: ദൂരദർശൻ തമിഴ് ചാനലിന്റെ ഹിന്ദി മാസാചരണ പരിപാടിയിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ്ത്തായ് വാഴ്ത്ത്’ പാട്ടിൽ ‘ദ്രാവിഡ നാട്’ എന്ന് തുടങ്ങുന്ന വരി ഒഴിവാക്കിയതിൽ പ്രതികരിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസൻ. തമിഴ്നാടിനെയും തമിഴ് ജനങ്ങളെയും അപമാനിക്കുന്ന നടപടിയാണിതെന്ന് കമൽഹാസൻ പറഞ്ഞു.
'തമിഴ്ത്തായ് വാഴ്ത്തിൽ മാത്രമല്ല ദ്രാവിഡത്തിന് സ്ഥാനമുള്ളത് അതിന് ദേശീയഗാനത്തിലും സ്ഥാനമുണ്ട്. ദ്രാവിഡ നാൽത്തിരുനാട് എന്ന വാക്കുകൾ ഉപേക്ഷിച്ച് രാഷ്ട്രീയമെന്ന് കരുതി പാടുന്നത് തമിഴ്നാടിനെയും തമിഴ്നാട്ടിലെ ജനങ്ങളെയും തമിഴ്നാട് സർക്കാറിന്‍റെ നിയമങ്ങളെയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴിനെയും അപമാനിക്കുന്ന നടപടിയാണ്. നിങ്ങൾ വിദ്വേഷം തുപ്പിയാൽ തമിഴ് തീ തുപ്പും' - കമൽഹാസൻ എക്സിൽ എഴുതി.
വിഷയത്തിൽ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം പിഴവിൽ ദൂരദർശൻ മാപ്പ് പറഞ്ഞിരുന്നു. അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നാണ് വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വിമർശനം നേരിടേണ്ടി വന്നതിന് മാപ്പ് ചോദിക്കുന്നതായും ദൂരദർശൻ വിശദീകരണക്കുറിപ്പിൽ പറയുന്നു.
ഹിന്ദി മാസാചരണത്തിന്‍റെ സമാപന പരിപാടിയിൽ ദ്രാവിഡ നാൽ തിരുനാട് എന്ന വരി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഗവർണർ ആർ.എൻ. രവിയുടെ പരാമർശത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചതോടെയാണ് തർക്കം മുറുകിയത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി മാസാചരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെ നടന്ന ദൂരദർശന്റെ ചടങ്ങിൽ പങ്കെടുത്ത ഗവർണർ ആർ.എൻ. രവി തമിഴ് ഭാഷാവാദത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.