കമൽഹാസന് 177 കോടിയുടെ സമ്പാദ്യം; 50 കോടിയുടെ കടബാധ്യതയും
text_fieldsചെന്നൈ: നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസന് 176.93 കോടി രൂപയുടെ സമ്പാദ്യം. കോയമ്പത്തൂർ സൗത്ത് നിയമസഭ മണ്ഡലത്തിൽ ജനവിധി തേടുന്ന താരം നാമനിർദേശ പത്രികക്കൊപ്പം സമർപിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 131.84 കോടിയുടെ സ്ഥാവര സ്വത്തുക്കളും 45.09 കോടിയുടെ ജംഗമവസ്തുക്കളുമാണ്.
മൊത്തം 49.5 കോടിയുടെ കടബാധ്യത. ഭാര്യയോ ആശ്രിതരോ ഇല്ലെന്നും കേസുകളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മക്കൾ നീതിമയ്യത്തിെൻറ വൈസ് പ്രസിഡൻറും സിംഗനല്ലൂർ മണ്ഡലം സ്ഥാനാർഥിയുമായ ആർ. മഹേന്ദ്രന് കമൽഹാസെൻറ സ്വത്തിനെക്കാൾ ഒരുകോടി രൂപ കൂടുതലാണ്. 178 കോടി രൂപ. തമിഴ്നാട്ടിൽ ഇതേവരെ പത്രിക സമർപിച്ച സ്ഥാനാർഥികളിൽ ഏറ്റവും ധനികൻ ചെന്നൈ അണ്ണാനഗർ സീറ്റിൽ മത്സരിക്കുന്ന ഡി.എം.കെയുടെ എം.കെ. മോഹൻ ആണ്. മൊത്തം 211.21 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്.
ഉപമുഖ്യമന്ത്രി ഒ. പന്നീർ ശെൽവത്തിെൻറ സ്വത്തുമതിപ്പ് അഞ്ചു വർഷത്തിനകം 420 ശതമാനം വർധിച്ചു. 2016ൽ 1.5 കോടി രൂപയായിരുന്ന സ്വത്ത് മതിപ്പ് ഇപ്പോൾ 7.8 കോടിയായി ഉയർന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് 6.69 കോടി രൂപയുടെ സ്വത്താണുള്ളത്. സ്റ്റാലിന് 8.9 കോടി രൂപയും മകൻ ഉദയ്നിധി സ്റ്റാലിന് 29 കോടിയുടെ സ്വത്തുമുണ്ട്. സ്റ്റാലിെൻറ പേരിൽ 47 കേസുകളും ഉദയ്നിധിയുടെ പേരിൽ 22 കേസുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.