ജോലി പോയ മലയാളി വനിത ഡ്രൈവർ ശർമിളക്ക് കാർ സമ്മാനിച്ച് കമൽഹാസൻ
text_fieldsചെന്നൈ: ഡി.എം.കെ നേതാവ് കനിമൊഴി എം.പി ബസിൽ കയറി അഭിനന്ദിച്ചതിനു പിന്നാലെ ജോലി പോയ മലയാളി വനിത ഡ്രൈവർ ശർമിളക്ക് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസന്റെ വക കാർ സമ്മാനം. കമൽ കൾചറൽ സെന്ററാണ് ശർമിളക്ക് കാർ സമ്മാനിച്ചത്. ശർമിള വെറും ഡ്രൈവറാകേണ്ട ആളല്ലെന്ന് കമൽ പറഞ്ഞു. നിരവധി ശർമിളമാരുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് കമൽ പറഞ്ഞു. കാർ വാടകക്കു നൽകി സംരംഭകയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടവള്ളി-സോമനൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ആദ്യ വനിത ബസ് ഡ്രൈവറാണ് വടവള്ളിയിലെ എം. ശർമിള. ഷൊർണൂർ കുളപ്പള്ളി സ്വദേശി ഹേമയുടെയും മഹേഷിന്റെയും മകളാണ്.
കഴിഞ്ഞയാഴ്ചയാണ് ശർമിളയുടെ ബസിൽ കോയമ്പത്തൂർ ഗാന്ധിപുരത്തുനിന്ന് പീളമേട് വരെ കനിമൊഴി യാത്രചെയ്തത്. ശർമിളക്ക് സമ്മാനങ്ങളും നൽകിയാണ് കനിമൊഴി മടങ്ങിയത്. എന്നാൽ, യാത്രക്കിടെ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച വനിത കണ്ടക്ടർക്കെതിരെ പരാതി പറയാൻ ചെന്ന ശർമിളയെ ബസ് ഉടമ ശകാരിച്ചു. കനിമൊഴിയുടെ സന്ദർശനം അറിയിക്കാതിരുന്നതാണ് ഉടമയെ പ്രകോപിപ്പിച്ചത്. സ്വന്തം പ്രശസ്തിക്കുവേണ്ടിയാണ് ശർമിള ഇത്തരത്തിൽ ചെയ്‌തതെന്നും ഇനി മുതൽ ജോലിക്കു വരേണ്ടതില്ലെന്ന് ഉടമ പറഞ്ഞതായും ശർമിള പറഞ്ഞു. പുറത്താക്കിയിട്ടില്ലെന്നും ശർമിളയുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ് ജോലി ഉപേക്ഷിച്ചതെന്നും ഉടമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.