ഈറോഡ് ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിക്കായി രംഗത്തിറങ്ങി കമൽഹാസൻ
text_fieldsചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ് ഇളങ്കോവനുവേണ്ടി നടനും മക്കൾ നീതി മയ്യം കക്ഷി പ്രസിഡന്റുമായ കമൽഹാസൻ പ്രചാരണത്തിനിറങ്ങി. സ്വന്തം പാർട്ടി രൂപവത്കരിച്ചതിനുശേഷം ഇതാദ്യമായാണ് മറ്റൊരു രാഷ്ട്രീയ സഖ്യവുമായി കമൽഹാസൻ സഹകരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് കരിങ്കൽപാളയം, സൂരമ്പട്ടി, സമ്പത്ത്നഗർ, വീരപ്പൻഛത്രം, അഗ്രഹാരം തുടങ്ങിയ സ്ഥലങ്ങളിലാണ് കമൽഹാസൻ വോട്ടഭ്യർഥിച്ചത്. രാജ്യത്ത് ജനാധിപത്യത്തിന്റെ മറവിൽ സർവാധിപത്യമാണുള്ളതെന്നും ഇതാവർത്തിക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതേതര മുന്നണിയെ പിന്തുണക്കാൻ തീരുമാനിച്ചതെന്നും കമൽഹാസൻ പറഞ്ഞു. ഇളങ്കോവന്റെ മകനും എം.എൽ.എയുമായിരുന്ന തിരുമകൻ ഇവേരയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ തനിച്ച് മത്സരിച്ച കമൽഹാസന്റെ പാർട്ടിക്ക് പതിനായിരത്തിലധികം വോട്ടുകൾ ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്തുന്നതിനും തമിഴ്നാടിന്റെ ക്ഷേമം മുൻനിർത്തിയുമാണ് ഇളങ്കോവനെ പിന്തുണക്കുന്നതെന്ന് കമൽഹാസൻ ട്വീറ്റ് ചെയ്തിരുന്നു. അണ്ണാ ഡി.എം.കെയുടെ കെ.എസ്. തെന്നരസുവും ഇളങ്കോവനും തമ്മിലാണ് പ്രധാന മത്സരം. സീമാന്റെ നാം തമിഴർ കക്ഷിയും വിജയ്കാന്തിന്റെ ഡി.എം.ഡി.കെയും ഉൾപ്പെടെ 77 സ്ഥാനാർഥികൾ മത്സരത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.