സനാതനത്തിൽ നിലപാട് വ്യക്തമാക്കി കമൽ ഹാസൻ; ഉദയനിധിക്ക് പിന്തുണ, 'അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്'
text_fieldsചെന്നൈ: സനാതന ധർമത്തെ വിമർശിച്ചുകൊണ്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിൽ മന്ത്രിക്ക് പിന്തുണയുമായി സിനിമ താരം കമൽ ഹാസൻ. ജനാധിപത്യത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കൊലവിളികൾക്കും നിയമനടപടികൾക്കും പകരം ആരോഗ്യകരമായ ചർച്ചകളാണ് നടക്കേണ്ടതെന്നും കമൽ ഹാസൻ പറഞ്ഞു.
'വിയോജിക്കാനും സംവാദത്തിലേർപ്പെടാനുമുള്ള സാധ്യതയാണ് ശരിയായ ജനാധിപത്യത്തിന്‍റെ മുഖമുദ്ര. ശരിയായ ചോദ്യങ്ങളുയർത്തുന്നത് മികച്ച ഒരു സമൂഹമായി വളരുന്നതിന് സഹായകമാകുന്ന ഉത്തരങ്ങളിലേക്ക് നയിക്കുമെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ഉദയനിധിക്ക് അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തിന്‍റെ വാക്കുകളോട് വിയോജിപ്പുണ്ടെങ്കിൽ അക്രമാസക്ത ഭീഷണികൾക്കും നിയമനടപടികൾക്കും വൈകാരികതയുയർത്താനായി വാക്കുകൾ വളച്ചൊടിക്കുന്നതിനും പകരം സനാതന ധർമത്തിന്‍റെ ഗുണങ്ങളെ കുറിച്ച് ചർച്ചയിലേർപ്പെടുകയാണ് ചെയ്യേണ്ടത്.
എല്ലാക്കാലത്തും സംവാദങ്ങൾക്കുള്ള സുരക്ഷിതമായ കേന്ദ്രമാണ് തമിഴ്നാട്. അത് അങ്ങനെ തന്നെ തുടരും. നമ്മുടെ പാരമ്പര്യത്തെ വിമർശനാത്മകമായി വിലയിരുത്തേണ്ടതും എല്ലാവരെയും ഉൾക്കൊള്ളലും തുല്യതയും വികസനവും ഉറപ്പാക്കേണ്ടതും പ്രധാനമാണ്. യോജിപ്പോടെയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കാനായി ക്രിയാത്മകമായ ചർച്ചകളെ നമുക്ക് സ്വീകരിക്കാം' -കമൽ ഹാസൻ എക്സ് പ്ലാറ്റ്ഫോമിൽ എഴുതി.
സനാതന ധർമത്തെ കുറിച്ച് സെപ്റ്റംബർ രണ്ടിന് തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. ചില കാര്യങ്ങൾ എതിർക്കാനാവില്ലെന്നും അവയെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധർമത്തേയും അതുപോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം. സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ബി.ജെ.പിയും മറ്റ് സംഘ്പരിവാർ കക്ഷികളും വ്യാപക പ്രതിഷേധമുയർത്തുകയാണ്. പരാമർശത്തിൽ ഉദയനിധിക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.