ഭാരത് ജോഡോ യാത്രയിൽ കമൽഹാസൻ അണിചേരും
text_fieldsചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നടനും 'മക്കൾ നീതി മയ്യം' കക്ഷി പ്രസിഡന്‍റുമായ കമൽഹാസൻ പങ്കെടുക്കും. ഡിസംബർ 24ന് ഡൽഹിയിലാണ് യാത്രയോടൊപ്പം അദ്ദേഹം അണിചേരുക. മക്കൾ നീതി മയ്യം പാർട്ടി വൈസ് പ്രസിഡന്‍റ് മൗര്യയാണ് ഇക്കാര്യമറിയിച്ചത്.
തമിഴ്നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിയിൽ കമൽഹാസന്‍റെ പാർട്ടിയും ചേരുന്നതിന് മുന്നോടിയായാണ് ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
2019ൽ ലോക്സഭയിലേക്കും 2021ൽ നിയമസഭയിലേക്കും പാർട്ടി തനിച്ച് മത്സരിച്ചെങ്കിലും വൻ പരാജയമായിരുന്നു. അതിനാൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രധാന മുന്നണിയോടൊപ്പം ചേരണമെന്ന് ഈയിടെ ചെന്നൈയിൽ ചേർന്ന മക്കൾ നീതി മയ്യം നേതൃയോഗത്തിൽ ആവശ്യമുയർന്നിരുന്നു.
സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്ക് വിടണമെന്നും ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യുന്നുണ്ടെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ഈയിടെയായി സ്റ്റാലിൻ കുടുംബവുമായി കമൽഹാസൻ ഏറെ അടുപ്പത്തിലാണ്. സിനിമ മേഖലയിൽ ഉദയ്നിധി സ്റ്റാലിനുമായി കമൽഹാസൻ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഡി.എം.കെ സഖ്യത്തിൽ ചേരാൻ അണിയറ ചർച്ച പുരോഗമിക്കുന്നതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.