മകന് സീറ്റ്; കമൽനാഥിന് വീണ്ടുവിചാരം
text_fieldsന്യൂഡൽഹി: ബി.ജെ.പിയിലേക്ക് എന്നമട്ടിൽ ഡൽഹി യാത്ര നടത്തിയ മുതിർന്ന നേതാവ് കമൽനാഥിനെയും മകൻ നകുൽ നാഥിനെയും കോൺഗ്രസ് മെരുക്കിയതോ, ബി.ജെ.പി വെട്ടിലായതോ? അതോ, എല്ലാം മാധ്യമസൃഷ്ടിയോ? അടുത്തദിവസം മധ്യപ്രദേശിൽ എത്താനിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നടത്തിപ്പ് സംബന്ധിച്ച ആലോചനയോഗത്തിൽ കമൽനാഥ് ഓൺലൈനായി പങ്കെടുത്തതോടെ ചോദ്യം ബാക്കി.
രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതിനുപിന്നാലെയാണ് കമൽനാഥ് മകനുമൊത്ത് ശനിയാഴ്ച മധ്യപ്രദേശിൽനിന്ന് ഡൽഹിക്ക് പറന്നത്. ബി.ജെ.പിയുടെ രണ്ടുദിവസത്തെ നേതൃയോഗത്തിനിടയിലായിരുന്നു വരവ്. നകുൽനാഥ് സമൂഹമാധ്യമ മേൽവിലാസത്തിൽനിന്ന് കോൺഗ്രസിനെ ഒഴിവാക്കുകവരെ ചെയ്തു. കമൽനാഥിന്റെ ഡൽഹി വീടിനുമുകളിൽ കാവിപ്പതാക പാറി. ബി.ജെ.പിയിൽ ചേരാനുള്ള പുറപ്പാടായി അതിനെ കണ്ടവരേറെ. എന്നാൽ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചകളൊന്നും നടന്നില്ല. അനുനയിപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളും കളത്തിലിറങ്ങിയതായി കണ്ടില്ല. എന്നാൽ പിന്നാമ്പുറ ചർച്ചകൾ നടന്നു. അതിനൊടുവിലാണ് കമൽനാഥിന്റെ മടക്കം.
കമൽനാഥ് പോകരുതെന്നും പോകില്ലെന്നും ദിഗ്വിജയ്സിങ്ങിനെപ്പോലുള്ള മധ്യപ്രദേശിലെ മുതിർന്ന നേതാക്കൾ ആവർത്തിച്ചിരുന്നു. കമൽനാഥിനെ ചെന്നു കണ്ട വിശ്വസ്തരും അദ്ദേഹം കോൺഗ്രസ് വിട്ടുപോകില്ലെന്ന് തിങ്കളാഴ്ചയായപ്പോൾ തറപ്പിച്ചുപറഞ്ഞു. പക്ഷേ, ചില സൂചനകൾ കമൽനാഥിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യം ബാക്കിയായി. അദ്ദേഹത്തിന്റെ ഡൽഹിയാത്ര പോലും അനവസരത്തിലായിരുന്നു.
ബി.ജെ.പിക്ക് കമൽനാഥിനെയല്ല, മകൻ നകുൽനാഥിനെയാണ് വേണ്ടതെന്ന വർത്തമാനമാണ് ബി.ജെ.പി ക്യാമ്പുകളിൽനിന്ന് ഉയരുന്നത്. നകുൽനാഥ് കോൺഗ്രസിന്റെ സിറ്റിങ് എം.പിയാണ്. കമൽനാഥാകട്ടെ, 1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സിഖ് സമുദായം ശത്രുവായി കാണുന്നയാൾ. ബി.ജെ.പിയുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശിരോമണി അകാലിദൾ ചർച്ചകൾ നടത്തിവരുന്നതിനിടയിൽ കമൽനാഥിന്റെ രംഗപ്രവേശം തടസ്സവാദമായി. കമൽനാഥുമായി ഉടക്കി കോൺഗ്രസിൽനിന്ന് ഇറങ്ങി ബി.ജെ.പിയിലെത്തി കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയും അതൃപ്തി അറിയിച്ചു.
മകൻ നകുൽനാഥിന് ലോക്സഭ തെരഞ്ഞെടുപ്പിൽ ചിന്ദ്വാഡ സീറ്റ് വീണ്ടും നൽകുമെന്ന വാഗ്ദാനം പിന്നാമ്പുറ ചർച്ചകളിൽ കോൺഗ്രസിൽനിന്ന് ലഭിച്ചതോടെയാണ് കമൽനാഥിന്റെ മടക്കം. കമൽനാഥിനോട് ഹൈകമാൻഡിന് നീരസമുണ്ടെങ്കിലും അദ്ദേഹം പാർട്ടി വിടുന്നത് ലോക്സഭ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ദോഷംചെയ്യുമെന്ന വിലയിരുത്തലിൽ അദ്ദേഹവുമായും എം.എൽ.എമാരുമായും സംസാരിക്കാൻ ജനറൽ സെക്രട്ടറി ജിതേന്ദ്രസിങ്ങിനെ ഭോപാലിലേക്ക് നിയോഗിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിയുമായി ബന്ധത്തിനു ശ്രമിച്ചെന്നോ ഇല്ലെന്നോ പറയാൻ ഇതിനെല്ലാമിടയിലും കമൽനാഥ് തയാറായിട്ടില്ല. എല്ലാം മാധ്യമസൃഷ്ടിയെന്ന പാർട്ടിനേതാക്കളുടെ വിശദീകരണത്തോടെ അഭ്യൂഹം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് പാർട്ടിയും കമൽനാഥിന് ഒപ്പമുള്ളവരും. കമൽനാഥിനെ സ്വീകരിക്കാൻ തയാറാണെന്ന വിധത്തിൽ പരസ്യപ്രതികരണം നടത്തിയ മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കൾക്കാകട്ടെ, മിണ്ടാട്ടമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.