‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി’, ഒടുവിൽ കമൽനാഥ് ‘വാതുറന്നു’; ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് തൽക്കാല വിരാമം
text_fieldsഭോപ്പാൽ: അനീതിക്കെതിരെ രാജ്യത്തിന്റെ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുന്ന ജനനായകൻ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ പാർട്ടി പ്രവർത്തകർ ആവേശഭരിതരായി കാത്തിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്. ‘ഞങ്ങളുടെ നേതാവ്’ എന്ന് രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് കമൽനാഥ് രംഗത്തുവന്നതോടെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ കമൽനാഥ് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലികമായി അറുതിയായി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിലൂടെ അനീതിക്ക് അവസാനമൊരുക്കാൻ ഒത്തൊരുമിച്ച് നീങ്ങണമെന്നും കമൽനാഥ് പറഞ്ഞു.
‘രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കാൻ മധ്യ പ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും ആവേശപൂർവം കാത്തിരിക്കുകയാണ്. അടിച്ചമർത്തലിനും അനീതിക്കും ചൂഷണത്തിനുമെതിരെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ തെരുവുകളിലൂടെ സഞ്ചരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ കരുത്തിനും ധൈര്യത്തിനുമൊപ്പം മധ്യപ്രദേശിലെ മുഴുവൻ ജനങ്ങളും ധീരരായ കോൺഗ്രസ് പ്രവർത്തകരും അണിനിരക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അനീതിക്ക് അറുതിവരുത്താനുള്ള ഈ മഹത്തായ പ്രചാരണത്തിൽ നമ്മളൊന്നിച്ചു നിൽക്കണം’ -സമൂഹ മാധ്യമമായ ‘എക്സി’ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കമൽനാഥ് ആവശ്യപ്പെട്ടു.
താനും മകനും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്ന വാർത്തകൾക്ക് വിരാമം കുറിക്കാൻ കമൽനാഥിന്റെ പോസ്റ്റ് വഴിയൊരുക്കിയിട്ടുണ്ട്. അതിനിടെ, കമൽനാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്‍വാര ജില്ലയിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബുധനാഴ്ച ബി.ജെ.പിയിൽ ചേർന്നിരുന്നു. താൻ ബി.ജെ.പിയിലേക്ക് കാലുമാറുകയാണെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിച്ചിട്ടും അത് നിഷേധിച്ച് കമൽനാഥ് രംഗത്തെത്താതിരുന്നതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. രാജ്യസഭ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നതോടെയാണ് ബി.ജെ.പിയിലേക്ക് പോകാൻ കമൽനാഥ് ശ്രമം നടത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം, കുറിപ്പിനു താഴെ കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ പലരും കമൽനാഥിനെ ട്രോളുന്നുമുണ്ട്.‘ഈ ഘട്ടത്തിൽ നിങ്ങളുടെയും മകന്റെയും ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയാണ് വേണ്ടത്. കമൽനാഥും മകൻ നകുൽനാഥും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇനി ഒട്ടും വിശ്വസ്തരല്ല. വഞ്ചനയെക്കുറിച്ച് ചിന്തിച്ച ഒരാളെ ജാഗ്രതയോടെ മാത്രമേ കോൺഗ്രസ് പാർട്ടി സമീപിക്കാവൂ. കാരണം, ജനം വോട്ട് ചെയ്തത് കോൺഗ്രസിനാണ്, കമൽനാഥിനും അയാളുടെ മകൻ നകുൽനാഥിനുമല്ല’ - പോസ്റ്റിന് താഴെ ഒരാളുടെ രൂക്ഷമായ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഓ, നിങ്ങളിപ്പോഴും ഇവിടെയുണ്ടോ? ഞാൻ കരുതി മറുഭാഗത്ത് എത്തിയെന്ന്. എന്താണ് നിങ്ങൾക്ക് സംഭവിച്ചത്?’ എന്ന് ഒരാൾ കമന്റ് ചെയ്തു. ‘അതെന്താ, നിങ്ങളെ ബി.ജെ.പി വേണ്ടെന്ന് പറഞ്ഞോ?’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.