കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കമൽ നാഥ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കമൽ നാഥ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.
എന്നാൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് കമൽ നാഥ് വ്യക്തമാക്കി. "എനിക്ക് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ല. നവരാത്രി ആഘോഷത്തിന് വേണ്ടിയാണ് ഡൽഹിയിലെത്തിയത്"- കമൽനാഥ് പറഞ്ഞു.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് കമൽനാഥ് നേതൃത്വം നൽകുന്നുണ്ടെന്നാണ് വിവരം. അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജസഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിക്കും. അധ്യക്ഷനാവണമെങ്കിൽ ഗെഹ്ലോട്ടിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. ഗെഹ്ലോട്ട് പക്ഷത്തിലെ 90-ാളം എം.എൽ.എമാർ രാജി ഭീഷണി മുഴക്കിയതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30ന് അവസാനിക്കും. ഒക്ടോബർ 19നാണ് ഫലം പുറത്ത് വരുന്നത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.