കാമറെഡ്ഡിയുടെ രാഷ്ട്രീയം, തെലങ്കാനയുടേതും
text_fieldsഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖർ റാവു ജനവിധിതേടുന്ന രണ്ടാമത്തെ മണ്ഡലമായ കാമറെഡ്ഡിയിലെ പരുത്തിയും നെല്ലുംവിളഞ്ഞ പാടങ്ങളിൽ പൊരിവെയിലിലും കർഷകർ സജീവമാണ്. പാതയോരങ്ങളിൽ തലയിൽ തോർത്ത് വലിച്ചുകെട്ടി കർഷകർ നെല്ലുണക്കുന്നു. രമൺ ബണ്ടിയെപ്പോലുള്ളവർ ഈ നാടിന്റെ വറുതിയിലും വളർച്ചയിലും ഒപ്പം നടന്നവരാണ്.
കൊടുംവെയിലും വരൾച്ചയും ഒരുപാട് കണ്ടതുകൊണ്ടാവാം കരുവാളിച്ച മുഖത്ത് കുഴിഞ്ഞ കണ്ണുകൾകൊണ്ട് ചിരിച്ച് രമൺ പറഞ്ഞു. ‘ഹം ലോഗ് കോ ഉൻ ലോഗ് പൈസ ദേംഗെ, സാരാബി ഭീ ദേംഗേ’ (ഞങ്ങൾക്ക് അവർ പൈസ ഉൾപ്പെടെ എല്ലാം നൽകും). ഈ വാക്കുകളിൽ എല്ലാമുണ്ട്. ഏത് പാർട്ടിയായാലും അവർക്ക് ഭൂവുടമ പറയുന്നതാണ് ശരി. എന്നാൽ, ഇത്തവണ കാര്യം അൽപം വ്യത്യസ്തമാണെന്ന് രമൺ ബണ്ടിയുടെ അയൽവാസികളായ സഞ്ജയും അലോകും പറഞ്ഞു.
തെലങ്കാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ധരണി പദ്ധതിയിൽ ഭൂമിയുടെ അവകാശം തെളിയിക്കാനുള്ള പോരാട്ടത്തെ പറ്റി ഇരുവരും നിറകണ്ണുകളോടെയാണ് വിവരിച്ചത്. ഭൂമിസംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കാൻ ആവിഷ്കരിച്ച ധരണി പോർട്ടലിൽ പലരുടെയും ഭൂമിയുടെ അവകാശം രേഖപ്പെടുത്തിയിരിക്കുന്നത് മുമ്പത്തെ ഭൂവുടമയുടെ പേരിലാണ്. ചന്ദ്രശേഖർ റാവു സർക്കാർ തങ്ങളെ വഴിയാധാരമാക്കിയിരിക്കുകയാണെന്ന് രമൺ ബണ്ടി പറഞ്ഞു.
കാമറെഡ്ഡിയിൽ കെ.സി.ആറിന് തിരിച്ചടിയുണ്ടാവുമെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. സമീപത്തെ ആട്ടിറച്ചി വിൽക്കുന്ന കട നടത്തുന്ന രാജുവിന്റെ മകൻ രാഹുൽ എം.ടെക്കുകാരനാണ്. ഹൈദരാബാദിൽ ജോലി ലഭിച്ചപ്പോൾ കിട്ടിയത് 12,000 രൂപ മാത്രം.
വാടക കൊടുത്ത് ചെലവിന് കാശില്ലാതായതോടെ താൻ തിരിച്ചുപോന്നുവെന്ന് രാഹുൽ പറഞ്ഞു. തെലങ്കാന പി.എസ്.സിയിയുടെ കീഴിൽ നിയമനം നിലച്ചിട്ട് ഏറെയായി. രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാർക്കുമാത്രം ജോലിയെന്നതാണ് സ്ഥിതി. രാഹുൽ എഴുതിയ എൻജിനീയറിങ് കേഡർ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കി.
കുടുംബത്തിന്റെ ആകെ വരുമാനം ഈ ആട്ടിറച്ചിക്കടയിൽനിന്ന് കണ്ടെത്തണം. കാമറെഡ്ഡിയിൽ ഭൂരിപക്ഷവും മുസ്ലിം, പിന്നാക്ക വിഭാഗങ്ങളാണ്. കൃഷിഭൂമി ഭൂരിപക്ഷവും ജന്മിമാരുടെ കൈയിലും. അതുകൊണ്ടുതന്നെ കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഭൂരിഭാഗവും ഇത്തരക്കാരുടെ പോക്കറ്റിലാണ് എത്തുക.
രാമയൺ പേട്ടിൽനിന്ന് ഗ്രാമീണപാതയിലേക്ക് കടക്കുന്നിടത്തൊക്കെ പിങ്ക് നിറത്തിൽ കെ.സി.ആറിന് കാർ ചിഹ്നത്തിൽ വോട്ടഭ്യർഥിക്കുന്ന പോസ്റ്ററുകളും ബാനറുകളും കമാനങ്ങളും നിരവധിയാണ്. മകൾ കവിതയും പ്രമുഖ നേതാക്കളും പ്രചാരണത്തിൽ സജീവം. എങ്കിലും നുരഞ്ഞുപൊന്തുന്ന ഭരണവിരുദ്ധവികാരം ഭരണകക്ഷിക്ക് വലിയ വെല്ലുവിളിയാണ് തീർക്കുന്നത്. പുതിയ ഭരണം വരണമെന്ന് ആഗ്രഹിക്കുന്ന ജനതയോട് ഭരണനേട്ടങ്ങൾ വിളമ്പി നേതാക്കൾ വിയർക്കുന്നതാണ് കാഴ്ച.
തൊഴിലും നിലനിൽപുംതന്നെ അപകടത്തിലായ അടിസ്ഥാന വർഗത്തിന്റെ അസംതൃപ്തി വോട്ടാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസും ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. കെ.സി.ആറിനെ എതിരിടാൻ പി.സി.സി പ്രസിഡന്റും യുവനേതാവുമായ രേവന്ത് റെഡ്ഡിയെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. ഭരണവിരുദ്ധവികാരം പ്രതിപക്ഷ കക്ഷികൾക്ക് കൃത്യമായി മുതലെടുക്കാനായാൽ കെ.സി.ആർ വിയർക്കും. സിറ്റിങ് മണ്ഡലമായ ഗജ് വേലിൽനിന്ന് 69കാരനായ കെ.സി.ആർ ജനവിധിതേടുന്നുണ്ട്.
വൈകാരികതയാണ് തെലങ്കാന രാഷ്ട്രീയത്തിന്റെ സവിശേഷത. മിക്ക മണ്ഡലങ്ങളിലും അസംതൃപ്തി പുകയുന്നുണ്ട്. സ്ഥാനാർഥിനിർണയം മുതൽ നേതൃത്വത്തെ ചൊല്ലിവരെ അത് നീളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.