കനയ്യക്കും 14 പേർക്കുമെതിരായ അച്ചടക്കനടപടി ഡൽഹി ഹൈകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ മുൻ പ്രസിഡൻറ് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരടക്കം 15 പേർക്കെതിരെ അധികൃതർ സ്വീകരിച്ച അച്ചടക്കനടപടി ഡൽഹി ഹൈകോടതി റദ്ദാക്കി. 2016 ഫെബ്രുവരി ഒമ്പതിന് സർവകലാശാലയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്കെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്.
വിദ്യാർഥികളുടെ വാദം കേൾക്കുകയും റെക്കോഡുകൾ പരിശോധിക്കാൻ അവസരം നൽകുകയും ചെയ്തശേഷം ആറാഴ്ചക്കകം വിഷയത്തിൽ പുതിയ തീരുമാനമെടുക്കണമെന്ന് ജെ.എൻ.യു അപ്പേലറ്റ് അതോറിറ്റിക്ക് ജഡ്ജി വി.കെ. റാവു നിർദേശം നൽകി. പാർലമെൻറ് ആക്രമണ കേസിൽ അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടതുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നടന്ന പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിച്ച ഇവർക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.