കർണാടകയിലെ ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റുമെന്ന് കനീസ് ഫാത്തിമ
text_fieldsബംഗളൂരു: ബി.ജെ.പി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റുമെന്ന് നിയുക്ത എം.എൽ.എ കനീസ് ഫാത്തിമ. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ദേശീയ മാധ്യമമായ 'സ്‌ക്രോളി'നോടായിരുന്നു ഇവരുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്‌ലിം വനിതാ സ്ഥാനാർഥിയാണ് ഇവർ. ‘ദൈവഹിതമുണ്ടെങ്കിൽ വരുംദിവസങ്ങളിൽ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികളെ ക്ലാസ്‌മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത്’ -കനീസ് ഫാത്തിമ പറഞ്ഞു.
ഹിജാബ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കനീസ് ഫാത്തിമ ഉത്തര ഗുൽബർഗ മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ ശക്തനായ എതിരാളി ചന്ദ്രകാന്ത് ബി. പാട്ടീലിനെതിരെ 2,712 വോട്ടിനായിരുന്നു വിജയം. 2018ൽ ഇതേ മണ്ഡലത്തിൽ ചന്ദ്രകാന്തിനെ പരാജയപ്പെടുത്തിയിരുന്നു. 2017ൽ ഭർത്താവ് ഖമറുൽ ഇസ്‍ലാമിന്റെ മരണത്തെ തുടർന്നാണ് ഇവർ മത്സര രംഗത്തേക്ക് വരുന്നത്. എടുത്തുമാറ്റിയ മുസ്‌ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഹിജാബ് വിഷയത്തിൽ പരാമർശമുണ്ടായിരുന്നില്ല.
വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും സംസ്ഥാനത്തെ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. തിപ്റ്റൂര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയ അദ്ദേഹത്തെ കോണ്‍ഗ്രസിന്‍റെ കെ. ഷദാക്ഷരിയാണ് 17,652 വോട്ടിന് തോൽപിച്ചത്.
ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ്‍ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കർണാടകസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികൾ തള്ളിക്കളഞ്ഞ കർണാടക ഹൈകോടതി കർണാടക സർക്കാർ ഉത്തരവിൽ വസ്ത്രത്തിനുമേൽ ഏർപ്പെടുത്തിയ എല്ലാതരം നിയന്ത്രണങ്ങളും ശരിവെച്ചിരുന്നു. തുടർന്ന് വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.