‘മാഡം ഒരു മാസത്തെ അവധിക്ക് ഹിമാചലിൽ എത്തിയിട്ടുണ്ട്, ആഘോഷം കഴിഞ്ഞ് മുംബൈക്ക് പോകും’; കങ്കണക്കെതിരെ കോൺഗ്രസ്
text_fieldsഷിംല: നടിയും ബി.ജെ.പി മാണ്ഡി ലോക്‌സഭ സ്ഥാനാർഥിയുമായ കങ്കണ റണാവത്തിന്‍റെ എക്സ് പോസ്റ്റിനെ പരിഹസിച്ച് കോൺഗ്രസ് ഹിമാചൽ ഘടകവും മുഖ്യമന്ത്രിയുമായ സുഖ്വീന്ദർ സിങ് സുഖുവും. ഹിമാചലിലെ പാംഗി താഴ്വരയുടെ ഭംഗിയെ വാഴ്ത്തി കൊണ്ടുള്ള കങ്കണയുടെ പോസ്റ്റ് ആണ് പുതിയ പരിഹാസത്തിന് വഴിവെച്ചത്.
'ചമ്പ, കശ്മീർ, സ്പിതി എന്നിവയുടെ അതിർത്തിയിലാണ് പാംഗി സ്ഥിതി ചെയ്യുന്നത്. കശ്മീർ, ഹിമാചൽ പ്രദേശങ്ങളുടെ മനോഹരമായ സങ്കരമാണിത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്ന്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇത് വികസിക്കും' എന്നാണ് കങ്കണ എക്സിൽ കുറിച്ചത്.
ഒരു മാസം നീണ്ട അവധിക്കാലം കങ്കണ ഹിമാചലിൽ ചെലവഴിച്ചെന്നായിരുന്നു മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു കങ്കണയുടെ ഈ പോസ്റ്റിനോട് പ്രതികരിച്ചത്.
കങ്കണ എക്സിൽ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിനെ പരിഹസിച്ച് കോൺഗ്രസ് ഹിമാചൽ ഘടകമാണ് ആദ്യം രംഗത്തെത്തിയത്. 'കങ്കണ ജി ശരിക്കും അവധിക്കാലം ആഘോഷിക്കാനാണ് ഇവിടെ വന്നത്. പാംഗി കശ്മീരിന് സമീപമല്ല. ജമ്മുവിലാണെന്ന് അവർക്ക് അറിയില്ല. 2014ന് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന പ്രസ്താവനയിൽ നിന്ന് അവരുടെ അറിവ് വ്യക്തമാണ്.'
'ഇപ്പോൾ പറയൂ! ഹിമാചലിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത ഒരാൾക്ക് നിങ്ങളുടെ വോട്ട് പാഴാക്കുന്നത് കൊണ്ട് എന്ത് പ്രയോജനം?. മാഡം ഒരു മാസത്തെ അവധിക്ക് ഇവിടെ വന്നിട്ടുണ്ട്, ആഘോഷം കഴിഞ്ഞ് തിരികെ മുംബൈക്ക് പോകും. അവരുടെ വാക്കുകൾ ഗൗരവമായി എടുക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ്?' - ഹിമാചൽ ഘടകം എക്സിൽ കുറിച്ചു.
മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി-എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ 2014ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയതെന്ന് കങ്കണയുടെ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. 2022ലും സമാന പ്രസ്താവന ബി.ജെ.പി സ്ഥാനാർഥി നടത്തിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യ സമരസേനാനികളെയും കങ്കണ അപമാനിച്ചെന്നായിരുന്നു വിമർശനം.
കോൺഗ്രസ് ശക്തികേന്ദ്രമായ ഹിമാചലിലെ മാണ്ഡിയിലാണ് ബോളിവുഡ് താരം കങ്കണ റണാവത്തിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണക്കെതിരെ കോൺഗ്രസ് കളത്തിലിറക്കിയത്.
ഹിമാചൽ പ്രദേശിലെ ചമ്പ താലൂക്കിൽ ഉൾപ്പെടുന്ന താഴ്വരയാണ് പാംഗി. സമുദ്രനിരപ്പിൽ നിന്ന് 7,000 അടി മുതൽ 11,000 അടി വരെ ഉയരത്തിലാണ് ഭട്ടോരി താഴ്‌വരകളുള്ളത്. സുരൽ ഭട്ടോരി, ഹുദാൻ ഭട്ടോരി, കുമാർ ഭട്ടോരി, ഹിലു തുവാൻ ഭട്ടോരി, ചസാഗ് ഭട്ടോരി എന്നിങ്ങനെയാണ് പാംഗി താഴ്വരയെ തരംതിരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.