ചണ്ഡീഗഢിൽ ബി.ജെ.പി കങ്കണയെ കളത്തിലിറക്കും; എ.എ.പി പരിനീതി ചോപ്രയെയും -എല്ലാ വാർത്തകളും ശരിയല്ലെന്ന് നടി
text_fields2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. ചണ്ഡീഗഢ് സീറ്റിൽ നിന്നാണ് കങ്കണ ജനവിധി തേടുക എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് നിരവധി വെബ്സൈറ്റുകളിൽ വാർത്ത വന്നിട്ടുണ്ട്. എന്നാൽ എല്ലാ വാർത്തകളും ശരിയല്ലെന്നാണ് കങ്കണ പറയുന്നത്.
ബി.ജെ.പി സ്ഥാനാർഥിയായ കിരൺ ഖേർ ആണ് രണ്ടുതവണയും ചണ്ഡീഗഢിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. എന്നാൽ മണ്ഡലത്തിൽ ഒരുതരത്തിലുമുള്ള വികസനവും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഖേർ തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. തുടർന്നാണ് ഇത്തവണ ഖേറിനെ മാറ്റി കങ്കണയെ രംഗത്തിറക്കാൻ ബി.ജെ.പി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ഹിമാചൽപ്രദേശാണ് കങ്കണയുടെ ജൻമസ്ഥലം.
തെരഞ്ഞെടുപ്പ് സ്ഥാനാർഥിയാകുന്നു എന്ന വാർത്തക്ക് ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് റിപ്പോർട്ടുകളുടെ സ്ക്രീൻഷോർട്ട് സഹിതമാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. ''ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതെ കുറിച്ച് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും സത്യമല്ല.''-എന്നാണ് കങ്കണ കുറിച്ചത്.
അടുത്തിടെ കങ്കണ ദ്വാരകയിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. അപ്പോഴും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിനെ കുറിച്ച് മാധ്യമങ്ങൾ അവരോട് ചോദിച്ചിരുന്നു. അപ്പോൾ കൃഷ്ണ ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കിൽ താൻ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്നായിരുന്നു മറുപടി.
ചണ്ഡീഗഢിൽ ബോളിവുഡ് നടിയും രാഘവ് ഛദ്ദയുടെ ഭാര്യയുമായ പരിനീതി ചോപ്രയെ സ്ഥാനാർഥിയായി നിർത്താൻ എ.എ.പിയും പരിഗണിക്കുന്നുണ്ട്. ചണ്ഡീഗഢ് ലോക്‌സഭ സീറ്റിൽ രണ്ട് ബോളിവുഡ് നായികമാർ മത്സരിക്കുമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.