'ഒ.ടി.ടി വഴി മികച്ച ഡീൽ കിട്ടുമായിരുന്നു; എമർജൻസി' തിയേറ്റർ വഴി റിലീസ് ചെയ്തത് വലിയ തെറ്റ്; സമ്മതിച്ച് കങ്കണ റണാവുത്ത്
text_fieldsവിവാദങ്ങൾക്കൊടുവിൽ കങ്കണയുടെ ആദ്യ സംവിധാന സംരംഭമായ 'എമർജൻസി' ജനുവരി 17ന് തിയേറ്ററിൽ എത്തുകയാണ്. ഒരു സംവിധായക എന്ന നിലയിൽ സിനിമയെ സമീപിച്ചതിൽ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ കങ്കണ. തിയേറ്റർ വഴി സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചത് മണ്ടത്തരമായി പോയി എന്നും ഒ.ടി.ടി വഴി മികച്ച ഡീൽ ലഭിക്കുമായിരുന്നുവെന്നും ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ കങ്കണ പറയുന്നു.
സിനിമയുടെ റിലീസ് വൈകുന്നതിൽ കങ്കണ പലതവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എനിക്ക് പേടിയായിരുന്നു. തിയേറ്റർ റിലീസിന് തീരുമാനിച്ചത് വലിയ തെറ്റായിപ്പോയെന്ന് എനിക്ക് തോന്നി. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി മികച്ച ഡീൽ ലഭിക്കുമായിരുന്നു. സിനിമയെ സെൻസർഷിപ്പിന് വിധേയമാക്കുന്നതിൽ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്റെ സിനിമ മുറിച്ചുമാറ്റാൻ ഒട്ടും ആഗ്രഹിച്ചില്ല. എന്താണ് അവർ(സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) സിനിമയിൽ നിന്ന് ഒഴിവാക്കുകയെന്നും നിലനിർത്തുകയെന്നും എനിക്കറിയില്ലായിരുന്നു.-കങ്കണ പറഞ്ഞു.
ഈ സിനിമയുടെ കാര്യത്തിൽ എനിക്ക് ഒരുപാട് അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചതാണ് അതിലൊന്ന്. കോൺഗ്രസ് സർക്കാറല്ലാത്തതിനാൽ സിനിമക്ക് പെട്ടെന്ന് അനുമതി ലഭിക്കുമെന്ന് ഞാൻ കരുതി. ആ ധാരണയും തെറ്റി. ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും പരിഹസിച്ച് അന്നത്തെ ജനത പാർട്ടി എം.പിയായ അമൃത് നഹാത സംവിധാനം ചെയ്ത 'കിസ്സാ കുർസി കാ' എന്ന സിനിമ മാത്രമേ അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടുള്ളു. അതിന്റെ മുഴുവൻ പതിപ്പുകളും ഇന്ദിരാഗാന്ധി സർക്കാർ നശിപ്പിച്ചിരുന്നു. ഇന്ദിര ഗാന്ധിയെ കുറിച്ച് സിനിമ ചെയ്യാൻ ആരും തയാറല്ലായിരുന്നു. എമർജൻസി കാണുമ്പോൾ അവരെ കുറിച്ച് പുതുതലമുറക്ക് ധാരണ കിട്ടും. അവർ അത്ഭുതം കൂറും. എല്ലാറ്റിനുമുപരി മൂന്നുതവണ പ്രധാനമന്ത്രിയായിരുന്നു ഇന്ദിര.
ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചെറിയ കാര്യങ്ങൾ പോലും ഇഴകീറി പരിശോധിച്ച സാഹചര്യത്തിൽ ഞങ്ങൾ എല്ലാ രേഖകളും സമർപ്പിച്ചു. ഒരു പാട് ചരിത്രകാരൻമാരും മറ്റ് വിദഗ്ധരും പരിശോധിച്ചു. എന്നാൽ അവർ ഒരു പിഴവും കണ്ടെത്തിയില്ല.
ചില ഭാഗങ്ങൾ ഒഴിവാക്കിയാൽ മാത്രമേ എമർജൻസി റിലീസ് ചെയ്യാൻ അനുവദിക്കൂ എന്ന് സെൻസർ ബോർഡ് മുമ്പ് വ്യക്തമാക്കിയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവിഷൻ കമ്മിറ്റി ശിപാർശ ചെയ്യുന്ന ചില കട്ടുകൾക്ക് ശേഷമേ റിലീസ് അനുവദിക്കാനാവൂ എന്ന് ബോംബെ ഹൈക്കോടതിയിലാണ് അധികൃതർ വ്യക്തമാക്കിയത്. റിലീസിന് അനുമതി തേടി സിനിമയുടെ വിതരണക്കാരായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹരജിയിലാണ് സെൻസർ ബോർഡ് നിലപാട് അറിയിച്ചത്. സെൻസർ ബോർഡ് റിവിഷൻ കമ്മിറ്റി നിർദേശിച്ച ചില വെട്ടിത്തിരുത്തലുകൾ വരുത്തിയാൽ സിനിമ റിലീസ് ചെയ്യാമെന്ന് ബോർഡിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഭിനവ് ചന്ദ്രചൂഡ് ജസ്റ്റിസ് ബി.പി കൊളബാവല്ലയും ഫിർദോഷ് പൂനിവാലയുമടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പറഞ്ഞു.
റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയിൽ ചെയ്യേണ്ട 11 പരിഷ്‌കാരങ്ങൾ ചൂണ്ടിക്കാട്ടി സീ സ്റ്റുഡിയോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശരൺ ജഗ്തിയാനിക്ക് നോട്ടീസ് കൈമാറുകയും ചെയ്തു. നിർദേശിച്ചിട്ടുള്ള 11 പരിഷ്‌കരണങ്ങളിൽ സിനിമയിൽ ചെയ്യേണ്ട ചില കട്ടുകളും കൂട്ടിച്ചേർക്കലുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം സെപ്തംബർ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പ്രതിസന്ധിയിലായത്.
അതിനിടെ, എമർജൻസി' പഞ്ചാബിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പറഞ്ഞു. സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്.അമൃത്സറിൽ ചേർന്ന എസ്ജിപിസി എക്സിക്യൂട്ടീവ് യോഗത്തിൽ 'എമർജൻസി' പ്രമേയം പാസാക്കുകയും ചിത്രത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിൽ കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.