കോടതിയിൽ നേരിട്ട് ഹാജരായി കങ്കണ; ജഡ്ജിയെ മാറ്റണമെന്ന് ആവശ്യം, 'കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടു'
text_fieldsമുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് കോടതിയിൽ നേരിട്ട് ഹാജരായി. ഇത്തവണ നേരിട്ട് ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി കഴിഞ്ഞ തവണ മുന്നറിയിപ്പ് നൽകിയിരുന്നു. അന്തേരി മെട്രോപൊളിറ്റൻ കോടതിയിലാണ് കങ്കണ ഹാജരായത്. സി.ആർ.പി.എഫിന്‍റെ സുരക്ഷാ അകമ്പടിയോടെയായിരുന്നു നടി എത്തിയത്.
തനിക്കെതിരായ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് അഭിഭാഷകൻ വഴി കങ്കണ ഉന്നയിച്ചത്. കേസ് പരിഗണിക്കുന്ന കോടതിയിൽ വിശ്വാസം നഷ്ടമായി. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.ആർ. ഖാനിൽ തനിക്ക് വിശ്വാസമില്ലെന്നും കങ്കണ അറിയിച്ചു. കേസിൽ ഹാജരാകാതിരുന്ന കങ്കണക്കെതിരെ കടുത്ത നിലപാടാണ് ജസ്റ്റിസ് ആർ.ആർ. ഖാൻ സ്വീകരിച്ചിരുന്നത്.
ജാവേദ് അക്തറിനെതിരെ കങ്കണ കൗണ്ടർ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ജാവേദ് അക്തർ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും കാണിച്ചാണ് പരാതി. ജാവേദ് അക്തര്‍ കങ്കണയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും കങ്കണ ആത്മഹത്യ ചെയ്യുമെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും കങ്കണയുടെ അഭിഭാഷകന്‍ റിസ്വാൻ സിദ്ദീഖ് കോടതിയെ അറിയിച്ചു.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനലിൽ അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ റണാവത്ത് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തർ കോടതിയെ സമീപിച്ചത്. തുടർന്ന് കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കങ്കണ നൽകിയ ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.