മഹാരാഷ്ട്ര സർക്കാറിനെ കുരുക്കാൻ കങ്കണയെ മുൻനിർത്തി നീക്കങ്ങളുമായി ബി.ജെ.പി
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ മഹാരാഷ്ട്ര സർക്കാരിനെ കുരുക്കിലാക്കി. നടി കങ്കണ റണാവത്തിലൂടെയാണ് ബി.ജെ.പിയുടെ കരുനീക്കങ്ങൾ. സുശാന്ത് ആത്മഹത്യ ചെയ്തതു മുതൽ ബോളിവുഡ് പ്രമുഖരെ പ്രതികൂട്ടിൽ നിറുത്തിയും മുംബൈ പൊലീസിനെ വിമർശിച്ചും കങ്കണ രംഗത്തുണ്ട്. പട്ന സ്വദേശിയായ സുശാന്തിന്‍റെ മരണം ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആയുധമാക്കുമെന്നത് ശിവസേന തലവൻ ഉദ്ധവ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര സർക്കാറിന് മുൻകുട്ടികാണാൻ കഴിഞ്ഞതുമില്ല. സാധാരണ ആത്മഹത്യ എന്ന നിലക്ക് മുംബൈ പൊലിസിന്‍റെ അന്വേഷണവും മന്ദഗതിയിലായിരുന്നു.
ആത്മഹത്യ കേസ് തുടക്കത്തിൽ അന്വേഷിച്ച മുംബൈയിലെ ബാന്ദ്ര പൊലിസിൽ സുശാന്തിന്‍റെ പിതാവ് കെ.കെ സിേങാ സഹോദരി മീത്തു സിങോ എഴുതി നൽകിയ മൊഴികളിൽ സംശയങ്ങൾ ഉന്നയിച്ചിരുന്നില്ല. സുശാന്തിന്‍റെ ആത്മഹത്യക്ക് പ്രേരണയാകും വിധം ബോളിവുഡ് ഒറ്റപ്പെടുത്തിയൊ എന്ന് അന്വേഷിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പൊലിസിന് നിർദേശം നൽകിയത് സമൂഹ മാധ്യമങ്ങളിലെ നിരന്തര വിമർശനങ്ങളെ തുടർന്നായിരുന്നു.
മകന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചും 15 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചും കെ.കെ സിങ് സുശാന്തിന്‍റെ കാമുകിയായ നടി റിയ ചക്രവർത്തിയും സഹോദരൻ ശൗവികും ഉൾപടെയുള്ളവർക്കെതിരെ പട്ന പൊലിസൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്‍റെ ദിശമാറിയത്. കേസ് സി.ബി.െഎക്ക് കൈമാറാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇത്. ബിഹാർ തെരഞ്ഞെടുപ്പ് മാത്രമല്ല ഉദ്ധവ് സർക്കാരിനെ പ്രതിസന്ധിയിലാക്കലും ബി.ജെ.പിയുടെ ഗൂഢ ലക്ഷ്യമാണെന്ന തിരിച്ചറിവിൽ കേന്ദ്ര സർക്കാറിന്‍റെ ചൊൽപടിയിലുള്ള സി.ബി.െഎക്ക് കേസ് കൈമാറാൻ മഹാരാഷ്ട്ര തയ്യാറായില്ല. സംസ്ഥാനാനുമതിയില്ലാതെ കേസ് സി.ബി.െഎക്ക് കൈമാറാൻ കേന്ദ്രത്തിനും കഴിയില്ല. അല്ലെങ്കിൽ ഹൈക്കോടതിയോ സുപ്രീം കോടതിയൊ ഇടപെടണം.
സീറൊ എഫ്.െഎ.ആർ രജിസ്ട്രർ ചെയ്ത് സംഭവം നടന്ന പ്രദേശത്തിലെ പൊലിസിന് കേസ് കൈമാറുകയെന്ന സാധാരണ മര്യാദ പാലിക്കാതെ പട്ന പൊലിസ് കേസന്വഷണം ഏറ്റെടുക്കുകയാണ് ചെയ്തത്. മുംബൈ പൊലിസിന്‍റെയൊ മഹാരാഷ്ട്ര സർക്കാറിന്‍റെയോ അനുമതിയില്ലാതെ പട്ന പൊലിസ് സംഘം മുംബൈയിൽ എത്തി അന്വേഷണവും തുടങ്ങി. ആവശ്യമായ അനുമതി തേടാത്തതിനാൽ കേസ് രേഖകൾ പട്ന പൊലിസുമായി പങ്കുവെക്കാൻ മുംബൈ പൊലിസ് തയ്യാറായില്ല. മാത്രമല്ല; പട്ന എസ്.പിയെ മുംബൈ നഗരസഭ നിർബന്ധിത ക്വാറൻറീനിലാക്കുകയും ചെയ്തു.
പട്നയിലെ കേസ് സി.ബി.െഎയെ ഏൽപിക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അപേക്ഷ കേന്ദ്രം അംഗീകരിക്കുകയും സുപ്രീം കോടതി പച്ചകൊടികാണിക്കുകയും ചെയ്തതോടെ മുംബൈ പൊലിസിനും ഉദ്ധവ് സർക്കാറിനും തിരിച്ചടിയായി. സുശാന്തിന്‍റെയും അദ്ദേഹത്തിന്‍റെ മരണത്തിനു ദിവസങ്ങൾക്ക് മുമ്പ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച ടാലൻറ് മാനേജർ ദിശ സാലിയാന്‍റെയും മരണത്തിനു പിന്നിൽ ഉദ്ധവിന്‍റെ മകനും നിലവിൽ ടൂറിസം മന്ത്രിയുമായ ആദിത്യക്കും പങ്കുണ്ടെന്ന വിധം അഭ്യൂഹങ്ങൾ പ്രചരിച്ചു. അ്യൂഹങ്ങൾക്ക് ശക്തിപകരും വിധം ബി.ജെ.പി രാജ്യസഭാ എം.പി നാരായൺ റാണെ പരസ്യ പ്രസ്താവനകളും നടത്തി. ഉദ്ധവിന്‍റെ അറിയപ്പെടുന്ന ശത്രുവാണ് മുൻ ശിവസേന മുഖ്യമന്ത്രിയായ റാണെ.
റിയ ചക്രവർത്തിക്ക് എതിരെ സി.ബി.െഎക്കു പിന്നാലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), നാർകോട്ടിക്ക് കംട്രോൾ ബൂറോ (എൻ.സി.ബി) ഏജൻസികളും കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാൽ, സുശാന്തിന്‍റെത് ആത്മഹത്യ തന്നെയാണെന്ന മുംബൈ പൊലിസിന്‍റെ നിഗമനത്തിലാണ് ഒടുവിൽ സി.ബി.െഎയും എത്തിയത്. സുശാന്തിന്‍റെ ആന്തരികാവയവങ്ങൾ ശേഖരിച്ച ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ ഫോറൻസിക് വിദഗ്ദരുടെ റിപ്പോർട്ടു കൂടി സി.ബി.െഎക്ക് ലഭിക്കാനുണ്ട്. സുശാന്തിന്‍റെ പിതാവും സഹോദരിമാരും അവരുടെ അഭിഭാഷകനും റിയ ചക്രബർത്തിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പലതും അന്വേഷണത്തിൽ പൊളിയുകയാണുണ്ടായത്.
സുശാന്തിന്‍റെ വിഷാദ രോഗവിവരം റിയ മറച്ചുവെച്ചെന്ന ആരോപണം അതിലൊന്ന്. രോഗ വിവരം അറിയുക മാത്രമല്ല സുശാന്തിന്‍റെ സഹോദരി പ്രിയങ്ക നടന് മരുന്ന് നിർദേശിക്കുകയും ഡൽഹിയിലെ ഡോക്ടറിൽ നിന്ന് ആ മരുന്നുകൾ വാങ്ങാനാവശ്യമായ കുറിപ്പ് വാട്സ് ആപ്പ് വഴി സംഘടിപ്പിച്ച് നൽകുകയും ചെയ്തതായി വെളിപ്പെട്ടു. മീത്തു, നീതു സഹോദരിമാർക്കും രോഗവിവരം അറിയാം.
ഇ.ഡിയുടെ സാമ്പത്തിക അനേഷണത്തിലും റിയക്ക് എതിരെ തെളിവുകൾ കണ്ടെത്താനായില്ല. സുശാന്തിന്‍റെ പിതാവ് പറയുന്ന 15 കോടി രൂപ സിനിമ കരാറിന്‍റെ ഭാഗമായുള്ളതാണെന്നും പണമായ് സുശാന്തിന് നൽകിയിട്ടില്ലെന്നും റിയയും നിർമാതാവും പറയുന്നു. സിനിമ ചെയ്യാൻ ധാരണയായതിനു പിന്നാലെയാണ് കോവിഡ് വ്യപാനമുണ്ടാകുന്നതും നാട് ലോക്ഡൗണിലാകുന്നുതും. പല ഘട്ടങ്ങളിലായാണ് പണം നൽകാറെന്നും അവസാന ഗഡു സിനിമ പ്രദർശനത്തിന് തയ്യാറാകുമ്പോഴാണ് നൽകാറെന്നും നിർമാതാക്കൾ പറയുന്നു. സാമ്പത്തി കുറ്റങ്ങൾ കണ്ടെത്താനായില്ലെങ്കിലും റിയക്കെതിരെ മയക്കുമരുന്ന് റാക്കറ്റ് ബന്ധം കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞു. റിയ നീക്കം ചെയ്ത വാട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുത്ത ഇഡിക്ക് റിയക്കെതിരെ കിട്ടിയ ഏക തെളിവ് ഇതായിരുന്നു. ഇ.ഡി നൽകിയ വിവരമനുസരിച്ചാണ് എൻ.സി.ബിയുടെ രംഗപ്രവേശം.
ആ വാട്സ് ആപ്പ് ചാറ്റുകൾ റിയക്ക് വിനയാകുകയും കുറ്റസമ്മതിച്ചതോടെ അറസ്റ്റിലുവുകയും ചെയ്തു. എന്നാൽ, നിർബന്ധിച്ച് കുറ്റംസമ്മതിപ്പിച്ചതാണെന്നാണ് റിയ തന്‍റെ ജാമ്യാപേക്ഷയിൽ ആരോപിച്ചത്. ഒടുവിൽ വീണുകിട്ടിയ ബോളിവുഡിന്‍റെ മയക്കുമരുന്ന് ബന്ധത്തെ ബി.ജെ.പി ആയുധമാക്കി. ഇതിലും കങ്കണയെ മുന്നിൽ നിറുത്തിയാണ് ബി.ജെ.പിയുടെ കരുനീക്കം. മുംബൈ പൊലിസിനും ബോളിവുഡിനും എതിരെ വിമർശനങ്ങൾ ചൊരിയുന്നതിനിടെ കങ്കണ മുംബൈ നഗരത്തെ പാക് അധീന കാശ്മീരിനോട് ഉപമിക്കുകയും അതിനോട് ശിവസേനയും മഹാരാഷ്ട്ര സർക്കാറും എടുത്തുചാടി പ്രതികരിക്കുകയും ചെയ്തത് സംഭവങ്ങൾക്ക് മറ്റൊരു തലം നൽകി. ശിവസേന നേതാവ് സഞ്ജയ് റാവത്തും കങ്കണയും തമ്മിലെ പോരുമുറുകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ കങ്കണക്ക് വൈ പ്ലസ് സുരക്ഷ നൽകിയത്.
കങ്കണയുടെ പാക് അധീന കാശ്മീർ പ്രയോഗത്തിൽ ജനങ്ങളിൽ അമർഷമുണ്ടായെങ്കിലും മുംബൈ നഗരസഭയുടെ എടുത്തുചാട്ടം അത് തകർത്തു. ബി.ജെ.പി പോലും പ്രതിരോധത്തിലായി നിൽകുമ്പോഴായിരുന്നു നഗരസഭയുടെ എടുത്തു ചാട്ടം. കങ്കണയുടെ ഒാഫീസിൽ നോട്ടീസ് പതിച്ചും ഒാഫീസ് ഭാഗങ്ങൾ തകർത്തുമായിരുന്നു നഗരസഭയുടെ അനവസരത്തിലുള്ള ഇടപെടൽ. അനുവദിച്ച പ്ലാൻ തെറ്റിച്ച് നിർമിതി നടത്തിയെന്നാണ് നഗരസഭയുടെ ആരോപണം. അവിടെ നടന്നുവരുന്ന അറ്റകുറ്റപണികൾ നിറുത്തിവെക്കാനാവശ്യപ്പെട്ടുള്ള നഗരസഭ നോട്ടീസിന് കങ്കണ വിലകൽപിച്ചുമില്ല. അതോടെയാണ് പൊളിക്കൽ നടപടി.
വൈ പ്ലസ് സുരക്ഷ കവചത്തിൽ നഗരത്തിൽ വന്നിറങ്ങിയ കങ്കണ വീട്ടിലിരുന്ന് ഉദ്ധവിനെതിരെ നിരന്തരം വെല്ലുവിളികളുയർത്തി. ഇന്നെൻെറ ഒാഫീസെങ്കിൽ നാളെ ഇയാളുടെ അഹങ്കാരമാണ് തകർക്കപെടുകയെന്ന് അവർ ട്വീറ്റ് ചെയ്തു. യാതൊരു ബഹുമാനവുമില്ലാത്ത പ്രയോഗങ്ങളാണ് ഉദ്ധവിനെതിരെ കങ്കണ നടത്തിയത്. മാത്രമല്ല; തന്‍റെ ഒാഫീസ് രാമക്ഷേത്രത്തിന് സമമാണെന്നും ബാബറിന്‍റെ പടയാളികളാണ് അത് തകർത്തതെന്നും വീടു നഷ്ടപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ വേദന ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും കങ്കണ പറഞ്ഞുകൊണ്ടിരുന്നു. ഇതിലെല്ലാം ബി.ജ.പിയുടെ രാഷ്ട്രീയമാണ് തെളിഞ്ഞുവന്നത്. വഴങ്ങാതെ കട്ടക്ക് നിൽക്കുകയാണ് കങ്കണ. കേന്ദ്രത്തിന്‍റെ പിന്തുണയിലാണ് ഇവരുടെ പോരെന്ന് കോൺഗ്രസ് ആരോപിച്ചു. കങ്കണക്ക് അവസരങ്ങൾ ഒരുക്കും വിധമുള്ള നരസഭ നടപടിയെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ വിമർശിച്ചതോടെ ശിവസേന നിയന്ത്രണം പാലിക്കുന്നു.
നിമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച് ഭരക്കാനുള്ള സീറ്റുകൾ നേടിയവരാണ് ബി.ജെ.പിയും ശിവസേനയും. മുഖ്യമന്ത്ര പദത്തിന്‍റെ പേരിൽ അവസാന നിമിഷം ബി.ജെ.പിയെ വിട്ട് എൻ.സി.പി, കോൺഗ്രസ് സഖ്യത്തിൽ സർക്കാറുണ്ടാക്കുകയായിരുന്നു ശിവസേന. ഇത് ബി.ജെ.പിയെ വിശേഷിച്ച് അമിത് ഷായെ വല്ലാതെ ചൊടിപ്പിച്ചു. ഇൗ സർക്കാർ അധികം നിലനിൽക്കില്ലെന്ന കണക്കുകുട്ടലിലാണ് ഉദോഗസ്ഥരും. അവരിൽ നല്ലപങ്കും ദേവേന്ദ്ര ഫഡ്നാവിസിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ശിവസേന, എൻ.സി.പി, കോൺഗ്രസ് കുട്ടുകെട്ട് പൊളിക്കാതെ സർക്കാറിനെ വീഴ്ത്താനാകില്ലെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. ഇൗ കൂട്ടുകെട്ട് പൊളിഞ്ഞില്ലെങ്കിൽ ബി.ജെ.പിയുടെ ഒാഫറുകൾ സ്വീകരിച്ചു കാലുമാറിയാൽ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ നിലംതൊടില്ലെന്ന ഭയം ഭരണ പക്ഷ എം.എൽ.എമാർക്കുമുണ്ട്.
കോവിഡ് കാലത്ത് മികച്ച ഭരണമാണ് ഉദ്ധവ് സർക്കാർ കാഴ്ചവെച്ചത്. വിമർശനങ്ങളുമുണ്ടായെങ്കിലും പൊതുവിൽ ഉദ്ധവ് സർക്കാർ ജനങ്ങളുടെ മനസ്സു കവർന്നു. ഇതിനിടിയിലാണ് സുശാന്തിന്‍റെ മരണത്തിലൂടെ അപ്രതീക്ഷിത ആയുധം ബി.ജെ.പിക്ക് കിട്ടുന്നത്. കങ്കണയിലൂടെയുള്ള അവരുടെ ശ്രമങ്ങൾ കുറിക്കുകൊള്ളുകയും ചെയ്തു. ശിവസേന നേതാക്കളുടെയും ശിവസേന ഭരിക്കുന്ന നഗരസഭയുടെയും എടുത്തുചാട്ടം ശിവസേനക്ക് തന്നെ പാരയായി. കടുവയെ പ്രതീകമായി കാണുന്ന ഉദ്ധവ് താക്കറെക്ക് കങ്കണയുടെ നിരന്തര വിമർശനങ്ങളിൽ വീർപ്പ് മുട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.