മൂന്ന് കർഷക നിയമങ്ങളും വീണ്ടും കൊണ്ടു വരണമെന്ന് കങ്കണ
text_fieldsന്യൂഡൽഹി: മൂന്ന് കർഷക നിയമങ്ങൾ വീണ്ടും കൊണ്ടു വരണമെന്ന ആവശ്യവുമായി ബോളിവുഡ് നടിയും മാണ്ഡി എം.പിയുമായ കങ്കണ റണാവത്ത്. ഹിമാചൽപ്രദേശിൽ സ്വന്തം മണ്ഡലമായ മാണ്ഡിയിൽ സംസാരിക്കുന്നതിനിടെയാണ് കങ്കണയുടെ പ്രസ്താവന. ഇത് വിവാദ പ്രസ്താവനയാവുമെന്ന് തനിക്കറിയാം. എങ്കിലും മൂന്ന് കർഷക നിയമങ്ങളും തിരികെ കൊണ്ടു വരണം. കർഷകർക്ക് സ്വന്തം ഉൽപന്നങ്ങളുടെ വില നിശ്ചയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാവണമെന്ന് കങ്കണ പറഞ്ഞു.
മൂന്ന് നിയമങ്ങളും കർഷകർക്ക് ഗുണകരമാണ്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങളെ തുടർന്നാണ് അത് റദ്ദാക്കിയത്. കർഷകർ നാടിന്റെ വികസനത്തിന്റെ നെടുംതൂണാണ്. കർഷകർക്ക് വേണ്ടി മൂന്ന് നിയമങ്ങളും വീണ്ടും കൊണ്ട് വരണമെന്നും കങ്കണ പറഞ്ഞു.
അതേസമയം, കങ്കണയുടെ ആവശ്യത്തോട് രൂക്ഷമായാണ് കോൺഗ്രസ് പ്രതികരിച്ചത്. മൂന്ന് കരിനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ 750 കർഷകരാണ് രക്തസാക്ഷികളായതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇത് വീണ്ടും കൊണ്ടു വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു.
2020ലാണ് മൂന്ന് കർഷക നിയമങ്ങൾ കൊണ്ടു വന്നത്. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യം കണ്ടത്. മാസങ്ങളോളം കർഷകർ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് വിവാദമായ മൂന്ന് കർഷക നിയമങ്ങളും റദ്ദാക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.