കങ്കണ റണാവത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹിമാചൽ ഹൈകോടതിയിൽ ഹരജി
text_fieldsഷിംല: നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹിമാചൽ ഹൈകോടതിയിൽ ഹരജി. മാണ്ഡി മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് വരണാധികാരി നാമനിർദേശപത്രിക തള്ളുകയും ചെയ്ത ലായക് റാം നേഗിയാണ് കങ്കണക്കെതിരെ ഹരജി നൽകിയത്.
മാണ്ഡി മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള തന്‍റെ നാമനിർദേശപത്രിക നിരസിച്ച തെരഞ്ഞെടുപ്പ് വരണാധികാരി നടപടി തെറ്റെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി പരിഗണിച്ച ഹൈകോടതി കങ്കണ റാവത്തിന് നോട്ടീസ് അയച്ചു.
മുൻ സർക്കാർ ജീവനക്കാരനും കിന്നൗർ സ്വദേശിയുമായ നേഗി, താൻ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചെന്ന് വ്യക്തമാക്കി ജോലി ചെയ്ത വകുപ്പിൽ നിന്നുള്ള കുടിശ്ശിക ഇല്ല സർട്ടിഫിക്കറ്റ് നാമനിർദേശപത്രികക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാൽ, വൈദ്യുതി, വെള്ളം, ടെലിഫോൺ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശിക ഇല്ല സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട വരണാധികാരി പത്രിക നിരസിച്ചെന്നും നേഗി ആരോപിക്കുന്നു.
മെയ് 14നാണ് നേഗി സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചത്. എന്നാൽ, പത്രികക്കൊപ്പമുള്ള രേഖകൾ സമർപ്പിച്ചത് മെയ് 15നാണ്. എന്നാൽ, ഇത് തെരഞ്ഞെടുപ്പ് വരണാധികാരി അംഗീകരിക്കാത്തതിനെ തുടർന്ന് പത്രിക തള്ളിപ്പോയി.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ 74,755 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. തിളക്കമാർന്ന വിജയത്തിന് ശേഷം ഡൽഹിയിലേക്ക് പോകവെ കർഷകരെ അപമാനിച്ച കങ്കണയെ സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ മർദിച്ചത് വലിയ വാർത്തയായിരുന്നു.
തന്‍റെ അമ്മ അടക്കം കര്‍ഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ പ്രസ്താവനയിലൂടെ അപമാനിച്ചതിനാണ് വനിത കോൺസ്റ്റബിൾ കുല്‍വിന്ദര്‍ കൗർ കങ്കണയുടെ കരണത്തടിച്ചത്. സംഭവത്തിന് പിന്നാലെ സസ്പെൻഷനിലായ കോൺസ്റ്റബിളിനെ പിന്നീട് ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് സ്ഥലംമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.