വീണ്ടും പുലിവാല് പിടിച്ച് കങ്കണ; പുറത്തിറങ്ങുംമുമ്പുതന്നെ 'എമർജൻസി' വിവാദത്തിൽ
text_fieldsകങ്കണ റണാവത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി സ്ക്രീനിലെത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏതാനും ദിവസം മുമ്പ് പുറത്തുവിട്ടിരുന്നു. പിന്നീട് ഫസ്റ്റ് ലുക്കിന്റെ മേക്കിങ് വീഡിയോയും പുറത്തുവന്നു. കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്.
എന്നാൽ പുറത്തിറങ്ങുംമുമ്പുതന്നെ സിനിമ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധിയെ കങ്കണ അവതരിപ്പിക്കുന്നതിനെതിരെ മധ്യപ്രദേശ് കോൺഗ്രസാണ് രംഗത്ത് എത്തിയത്. മുൻ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് സിനിമയെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. കങ്കണയെ 'ബിജെപി ഏജന്റ്'എന്ന് വിളിച്ച മധ്യപ്രദേശ് കോൺഗ്രസ് മീഡിയ ഡിപ്പാർട്ട്‌മെന്റ് വൈസ് പ്രസിഡന്റ് സംഗീത ശർമ്മ, ഭരണകക്ഷിയായ ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ തകർക്കാനാണ് സിനിമ എടുക്കുന്നതെന്ന് പറഞ്ഞു. ചിത്രം റിലീസിന് മുമ്പ് തങ്ങളെ കാണിക്കണമെന്ന് സംഗീത ശർമ്മ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
'അടിയന്തരാവസ്ഥ രാജ്യത്തിന്റെ ജനാധിപത്യത്തിനേറ്റ കറുത്ത പൊട്ടാണ്. ആ സമയത്ത് ഇന്ദിരാഗാന്ധിയായിരുന്നു നായിക. അതിനാൽ അവർ വിഷമിക്കേണ്ടതില്ല'-വിവാദത്തോട് പ്രതികരിച്ച മധ്യപ്രദേശ് ബി.ജെ.പി സംസ്ഥാന വക്താവ് രാജ്പാൽ സിങ് സിസോദിയ പറഞ്ഞു.
1975 നും 1977 നും ഇടയിൽ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെക്കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രം ബയോപിക് അല്ലെന്നും പൊളിറ്റിക്കൽ ഡ്രാമയാണെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്.
തന്‍വി കേസരി പശുമാര്‍ഥിയാണ് എമര്‍ജസിയുടെ അഡീഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണാവത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാഗ്രഹണം ടെറ്റ്സുവോ നഗാത്ത, എഡിറ്റിംഗ് രാമേശ്വര്‍ എസ് ഭഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്കി, സംഗീതം ജി.വി. പ്രകാശ് കുമാര്‍. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.