ബി.ജെ.പി നേതാവ് ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമെന്ന് കങ്കണ; സംസാരത്തിനിടെ ആളുമാറി വെട്ടിലായി നടി
text_fieldsഷിംല: പാർട്ടി നേതാവിന്റെ പേരുമാറ്റിപ്പറഞ്ഞ് പുലിവാലു പിടിച്ച് ഹിമാചലിലെ മാണ്ഡിയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കുന്ന നടി കങ്കണ റണാവുത്ത്. രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവിനെ വിമർശിക്കവെയാണ് കങ്കണക്ക് ആളുമാറിയത്. ബി.ജെ.പി നേതാവായ തേജസ്വി സൂര്യയുടെ പേരാണ് തേജസ്വി യാദവിനു പകരം കങ്കണ പറഞ്ഞത്. തേജസ്വി സൂര്യ ഗുണ്ടായിസവുമായി നടക്കുന്നയാളും മത്സ്യം കഴിക്കുന്ന വ്യക്തിയുമാണെന്നായിരുന്നു കങ്കണയുടെ പരാമർശം. കങ്കണയുടെ നാക്കുപിഴയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനു മറുപടിയായി ആരാണ് ആ സ്ത്രീ എന്നാണ് തേജസ്വി യാദവ് ചോദിക്കുന്നത്. ബംഗളൂർ സൗത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട് തേജസ്വി സൂര്യ.
മാണ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തേജസ്വി സൂര്യ ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമാണെന്ന് കങ്കണ ആരോപിച്ചത്. നവരാത്രി ദിനത്തിൽ മത്സ്യം കഴിച്ച ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ ബി.ജെ.പി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. തിരക്കേറിയ പ്രചാരണത്തിനു ശേഷം വറുത്ത മത്സ്യം കഴിക്കുന്ന വിഡിയോ കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് തേജസ്വി യാദവ് എക്സിൽ പങ്കുവെച്ചിരുന്നു. ഈ വിഡിയോയുടെ ചുവടുപിടിച്ചാണ് കങ്കണ തേജസ്വിക്കും രാഹുലിനുമെതിരെ വിമർശനമുന്നയിച്ചത്.
തലതെറിച്ച രാജകുമാരൻമാരുള്ള പാർട്ടിയുണ്ട് ഇവിടെ. അതിലൊരാളായ രാഹുൽ ഗാന്ധി ചന്ദ്രനിൽ ഉരുളക്കിഴങ്ങ് മുളപ്പിക്കാൻ നടക്കുകയാണ്. മറ്റൊരാളായ തേജസ്വി സൂര്യ ഗുണ്ടായിസം കാണിച്ചു നടക്കുകയും മത്സ്യം കഴിക്കുകയും ചെയ്യുകയാണ്. അഖിലേഷ് യാദവാകട്ടെ, വിചിത്രമായ പ്രസ്താവനകൾ നടത്തുന്നു.''-എന്നാണ് കങ്കണ പറഞ്ഞത്. ജൂൺ ഒന്നിനാണ് മാണ്ഡിയിൽ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് ആണ് കങ്കണയുടെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.