Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരത്തിനിടെ...

കർഷക സമരത്തിനിടെ മൃത​ദേഹങ്ങൾ കെട്ടിത്തൂക്കി, ബലാത്സംഗം ചെയ്തു -വിവാദ പ്രസ്താവനയുമായി കങ്കണ; ശാസനയുമായി ബി.ജെ.പി

text_fields
bookmark_border
കർഷക സമരത്തിനിടെ മൃത​ദേഹങ്ങൾ കെട്ടിത്തൂക്കി, ബലാത്സംഗം ചെയ്തു -വിവാദ പ്രസ്താവനയുമായി കങ്കണ; ശാസനയുമായി ബി.ജെ.പി
cancel

ന്യൂഡൽഹി: 2020-21ൽ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവന വിവാദമായി. ഇതോടെ വെട്ടിലായ ബി.ജെ.പി കങ്കണയെ പരസ്യമായി ശാസിച്ചു. പാർട്ടി നയ വിഷയങ്ങളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസ്താവനകൾ നടത്താൻ കങ്കണ റണാവത്തിന് അനുവാദമോ അധികാരമോ ഇല്ലെന്നും ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കങ്കണക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു.

കർഷക സമരത്തിന്റെ ശക്തികേ​ന്ദ്രമായ ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് കങ്കണയുടെ കർഷക വിരുദ്ധ പരാമർശം. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭ എം.പിയായ കങ്കണ, മുംബൈയിൽ നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം നടത്തിയത്.


“നമ്മുടെ ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമായിരുന്നു. ഇവിടെ കർഷക സമരത്തിനിടെ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. കർഷകർക്ക് അനുകൂലമായ ആ നിയമങ്ങൾ പിൻവലിച്ചപ്പോൾ രാജ്യം മുഴുവൻ ഞെട്ടി. ആ കർഷകർ ഇപ്പോഴും അവിടെ തന്നെ ഇരിക്കുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിൽ” -കങ്കണ പറഞ്ഞു.

എന്നാൽ, കർഷക സമരത്തെ കുറിച്ച് കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്ന് ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു. ‘‘നയ നിലപാടുകളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസ്താവനകൾ നടത്താൻ കങ്കണക്ക് അനുവാദമോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കങ്കണക്ക് നിർദേശം നൽകിയിട്ടുണ്ട്. ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്’ എന്നീ തത്വങ്ങളും സാമൂഹിക സൗഹാർദവും പിന്തുടരാനാണ് ബിജെപിയുടെ തീരുമാനം’ -പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. 2019ൽ 10സീറ്റ് നേടി സംസ്ഥാനം തൂത്തുവാരിയ പാർട്ടിക്ക് ഇത്തവണ അഞ്ചിൽ തൃപ്തി​പ്പെടേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestBJPKangana Ranaut
News Summary - Kangana’s ‘rape & dead bodies’ remarks on farmers’ agitation land BJP in soup in poll-bound Haryana
Next Story