കോൺഗ്രസില്ലാതെ ഇന്ത്യയില്ല; പ്രതിപക്ഷത്തിനെ നയിക്കാൻ അവർക്കേ കഴിയൂ -കനയ്യ കുമാർ
text_fieldsന്യൂഡൽഹി: ഇന്ത്യാ രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നിലനിൽക്കണെമന്ന് കനയ്യ കുമാർ. സി.പി.ഐ വിട്ട് കോൺഗ്രസിലെത്തിയ കനയ്യ കുമാർ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
''ഈ രാജ്യം രക്ഷപ്പെടണമെങ്കിൽ കോൺഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് ഒരു വലിയ കപ്പലാണ്. അത് അതിജീവിക്കുകയാണെങ്കിൽ മറ്റു ചെറിയ പാർട്ടികളും അതിജീവിക്കും. കോൺഗ്രസ് എന്നത് ഒരു ആശയമാണ്. ഈ രാജ്യത്തെ ഏറ്റവും പഴയതും ഏറ്റവും ജനാധിപത്യമുള്ളതുമായ പാർട്ടിയാണിത്. ഞാൻ മാത്രമല്ല, കോൺഗ്രസില്ലാതെ ഈ രാജ്യം അതിജീവിക്കില്ലെന്ന് ഒരു പാട് പേർ കരുതുന്നു. മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത് സിങ്ങിന്‍റെ ധീരത, അംബേദ്കറുടെ സമത്വം എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. ഇതുകൊണ്ടാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്'' -കനയ്യ പറഞ്ഞു.
ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കനയ്യ കുമാറും ദലിത് നേതാവും ഗുജറാത്തിൽ നിന്നുള്ള എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയും ഇന്നാണ് കോൺഗ്രസിൽ ചേർന്നത്. ഇരുവരും ഭഗത് സിങ് പാർക്കിൽ രാഹുലിനും കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ഹാർദിക് പേട്ടലിനും കൂടെ നിൽക്കുന്ന വിഡിയോയും നേരത്തേ പുറത്തുവന്നിരുന്നു. ഇരുവരെയും സ്വാഗതം ചെയ്ത് കോൺഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ രാവിലെ ഉയർത്തിരുന്നു.
ഗുജറാത്ത് എം.എൽ.എയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറുമായ ജിഗ്നേഷ് മേവാനിയും സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യ കുമാറും കോൺഗ്രസിൽ ചേരുമെന്ന് ദിവസങ്ങളായി അഭ്യൂഹമുണ്ടായിരുന്നു. കനയ്യ തങ്ങളെ വഞ്ചിച്ചെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു.
ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസംഇരുവരും കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുമ്പായി കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. മേവാനിയെ കോൺഗ്രസ് ഗുജറാത്ത് വർക്കിങ് പ്രസിഡന്‍റാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗുജറാത്തിൽ ജിഗ്നേഷ് മത്സരിച്ചുജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
2019 തെരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സി.പി.ഐയുടെ കോട്ടയായിരുന്ന ബിഹാറിലെ ബേഗുസരായിയിൽ കനയ്യകുമാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയരായ യുവനേതാക്കളെ ഒപ്പം കൂട്ടുന്നതിലൂടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് കോൺഗ്രസിന്‍റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.