ഇവിടെ ആപ്പിന് ‘കൈ’യാണ് ചിഹ്നം
text_fieldsന്യൂഡൽഹി: ‘ധം ധം ധം ധാണ്ഡിയാരെ, ദേഘോ ആയാ കനയ്യാരെ, സബ്കാ പ്യാരാ’ എന്ന് വിളിച്ചാർത്തുവരുന്ന ജനക്കൂട്ടം. നോക്കി നിൽക്കുന്ന വോട്ടർമാരോട് കൈവീശി തൊട്ടുപിറകെ തുറന്ന വാഹനത്തിന് മുകളിൽ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാർ. ബജൻപുരയിലെ കവലയിൽ കാത്തുനിന്ന ആൾക്കൂട്ടത്തിന് നടുവിൽ വാഹനം നിർത്തി വോട്ടഭ്യർഥന. ഏതാനും മിനിറ്റുകൾക്കകം കെജ്രിവാളിന്റെ കാർ പ്രത്യക്ഷപ്പെട്ടതോടെ ജനക്കൂട്ടം വീണ്ടും ആർത്തിരമ്പി. കാറിന്റെ സൺറൂഫ് തുറന്ന് കെജ്രിവാൾ കാത്തുനിന്നവരെ അഭിസംബോധന ചെയ്തു. മോദിയെ കടന്നാക്രമിച്ച ശേഷം തന്റെ സർക്കാർ നടപ്പിലാക്കിയ വികസന, ക്ഷേമ പദ്ധതികൾ അക്കമിട്ട് നിരത്തി. ജയിലിൽ അടയ്ക്കാനുള്ള കാരണവും വിശദീകരിച്ചു. രാത്രി 10 മണിയോട് അടുത്തതോടെ മൈക്ക് ഓഫ് ചെയ്യാനുള്ള സമയം ആയെന്ന് കൂടെയുള്ളവർ അറിയിച്ചപ്പോൾ കെജ്രിവാൾ വോട്ടഭ്യർഥനയിലേക്ക് കടന്നു. തൊട്ടടുത്തുനിന്ന് കനയ്യയെ ചേർത്തുനിർത്തി, ഇതാണ് ഇൻഡ്യ മുന്നണിയുടെ നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ നമ്മുടെ സ്ഥാനാർഥി. ഇത്തവണ വോട്ടുയന്ത്രത്തിൽ ചൂൽ ചിഹ്നം തിരയേണ്ടതില്ല. രണ്ടാമതായി കാണുന്ന കൈപ്പത്തിക്ക് വോട്ട് നൽകണമെന്നും കെജ്രിവാൾ അഭ്യർഥിച്ചു.
തൊഴിൽ തേടിയെത്തിയ ബിഹാർ സ്വദേശികൾ ഏറെയുള്ള മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. ഭോജ്പുരി നടനും ഗായകനുമായ ബിഹാർ സ്വദേശി മനോജ് തിവാരിയെ നിർത്തിയാണ് ബി.ജെ.പി കഴിഞ്ഞ രണ്ടുതവണയും മണ്ഡലം പിടിച്ചത്. എന്നാൽ, ബിഹാറുകാരനായ കനയ്യ കൂടി വന്നതോടെ മത്സരം കടുത്തു.
ഡൽഹിയിലെ താപനില 48 ഡിഗ്രിയാണ്. അതിനെ മറികടക്കാൻ സ്ഥാനാർഥികൾ അതിരാവിലെ പ്രചാരണത്തിന് ഇറങ്ങും. റെസിഡൻഷ്യൽ കോളനികളിലും ഫ്ലാറ്റുകളിലും കയറിയിറങ്ങും. വെയിൽ ചൂടാകുന്നതോടെ അതത് മേഖലകളിലെ തെരഞ്ഞടുപ്പ് പ്രചാരണ ഓഫിസുകളിൽ വിശ്രമവും യോഗവും. ചൂട് കുറയുന്നതോടെ വീണ്ടും റോഡ് ഷോ ആരംഭിക്കും.
ബി.ജെ.പിയെയും സ്ഥാനാർഥിയെയും കടന്നാക്രമിച്ചും ജനങ്ങളെ കൈയിലെടുത്തും കനയ്യ സ്വതസിദ്ധമായ ശൈലിയിൽ നടത്തുന്ന പ്രസംഗത്തിന് കേൾവിക്കാരേറെയാണ്. വോട്ടർമാർക്ക് തങ്ങൾക്കിടയിലുള്ളവനാണ് കനയ്യ എന്ന് തോന്നിപ്പിക്കാൻ ഇൻഡ്യ മുന്നണിക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം ഇങ്ങനെയാണ്, ‘അഭിനേതാ നഹി, ബേട്ടാ ചുനേ’ (നടനെയല്ല, മകനെ തെരഞ്ഞെടുക്കൂ). തങ്ങളെ വിട്ടുപോയതിന്റെ പരിഭവം മാറ്റിവെച്ച് സി.പി.ഐ പ്രവർത്തകരും പ്രചാരണത്തിനിറങ്ങുന്നുണ്ട്.
കനയ്യക്ക് നോർത്ത് ഈസ്റ്റ് ലഭിച്ചതോടെ, സീറ്റ് മോഹിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ അർവീന്ദർ ലവ്ലി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് തുടക്കത്തിൽ കോൺഗ്രസ് പ്രചാരണത്തെ ബാധിച്ചിരുന്നു. ബബർപുരിലെ ഇൻഡ്യ മുന്നണി ഓഫിസ് രാവിലെ ഉദ്ഘാടനം ചെയ്ത ലവ്ലി വൈകീട്ട് ബി.ജെ.പിയിൽ ചേർന്നു. എന്നാൽ, കെജ്രിവാളിന്റെ ജയിൽ മോചനത്തോടെ പ്രതിസന്ധികളെല്ലാം മറികടന്ന് ഇൻഡ്യ മുന്നണി പ്രചാരണത്തിൽ ഏറെ മുന്നിലെത്തി.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് കിട്ടുന്നതിലെ പ്രയാസം മറികടക്കാൻ ക്രൗഡ് ഫണ്ടിങ്ങാണ് കനയ്യ കണ്ടെത്തിയ വഴി. 92.5 ലക്ഷം രൂപ ലക്ഷ്യമിട്ട് രണ്ടുദിവസം മുമ്പ് ആരംഭിച്ച ക്രൗണ്ട് ഫണ്ടിങ്ങിൽ 53 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചു. കൊമേഡിയൻ കുനാൽ കമ്ര, സിനിമ നിർമാതാവ് വിശാൽ ഭരദ്വാജ് അടക്കമുള്ളവർ ക്രൗഡ് ഫണ്ടിങ്ങിൽ പങ്കാളികളായി.
2019ലെ തെരഞ്ഞെടുപ്പിൽ 53.90 ശതമാനം വോട്ട് നേടിയാണ് മനോജ് തിവാരി നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. കോൺഗ്രസിന് 28.85 ശതമാനവും ആം ആദ്മി പാർട്ടിക്ക് 16 ശതമാനവും. ബി.ജെ.പി ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ ആറിലും പുതുമുഖങ്ങളെ നിർത്തിയപ്പോൾ മനോജ് തിവാരിക്ക് മാത്രമാണ് വീണ്ടും അവസരം ലഭിച്ചത്.
നിയോജക മണ്ഡലങ്ങളിലെ വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കനയ്യയുടെയും ഇൻഡ്യ മുന്നണിയുടെയും നീക്കം. 2022ലെ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ബി.ജെ.പിയേക്കാൾ മുൻതൂക്കമുണ്ടായിരുന്നു. ബിഹാരി വോട്ടിൽ ഉണ്ടാകുന്ന വിള്ളലും കെജ്രിവാൾ ഫാക്ടറും ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിൽ 10ൽ ഏഴ് സീറ്റും ആം ആദ്മി പാർട്ടിക്കാണ് ലഭിച്ചത്. മൂന്ന് സീറ്റിൽ ബി.ജെ.പിയും വിജയിച്ചു. ആറാംഘട്ടമായ മേയ് 25നാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.