റീൽസ് ഉണ്ടാക്കുന്ന തിരക്കിലാണ്; ഫഡ്നാവിസിന്റെ ഭാര്യക്കെതിരെ കനയ്യ കുമാർ
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ ഇൻസ്റ്റഗ്രാം റീൽസ് ഉണ്ടാക്കി കളിക്കുമ്പോൾ മതം സംരക്ഷിക്കാൻ ജനങ്ങൾ എന്തിനാണ് മുന്നിട്ടിറങ്ങുന്നതെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഗ്പൂരിൽനടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യവെയാണ് കനയ്യയുടെ വിമർശനം. അഹങ്കാരികളായ രാഷ്ട്രീയ നേതാക്കളെ പാഠം പഠിപ്പിക്കാൻ ജനങ്ങൾ തയാറാകണമെന്നും കനയ്യ ആവശ്യപ്പെട്ടു. നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് ഫഡ്നാവിസ് ജനവിധി തേടുന്നത്. കോൺഗ്രസിന്റെ പ്രഫുല്ല ഗുദാധെ ആണ് എതിരാളി. റാലിക്കിടെ അമൃത ഫഡ്നാവിസിന്റെ പേര് പറയാതെയാണ് കനയ്യ വിമർശിച്ചത്. മുതിർന്ന ബി.ജെ.പി നേതാവിന്റെ ഭാര്യയായ അമൃതക്ക് ശാസ്ത്രീയ സംഗീതത്തിൽ അവഗാഹമുണ്ട്. ബാങ്കറായ അമൃത സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.
''ഇതൊരു ധർമയുദ്ധമാണെങ്കിൽ മതങ്ങളെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളോട് ഒരു കാര്യം ചോദിക്കേണ്ടതുണ്ട്. അവരുടെ സ്വന്തം മക്കളെ ഈ ധർമയുദ്ധത്തിന്റെ ഭാഗമാക്കാൻ തയാറുണ്ടോ എന്നാണ് ചോദ്യം. നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ പൊതുജനം മതം സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും. പൊതുജനത്തിന് അതിന് എത്രത്തോളം ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ച് ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഇൻസ്റ്റഗ്രാം റീൽസുകൾ ഉണ്ടാക്കിനടക്കുമ്പോൾ...''-എന്നാണ് കനയ്യ കുമാർ ചോദിച്ചത്.
അന്താരാഷ്ട്ര ക്രിക്കിറ്റ് കൗൺസിൽ ചെയർപേഴ്സണും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായുടെ ഫോട്ടോ ഷൂട്ടുകളും കനയ്യ എടുത്തു കാണിച്ചു.
അതിനിടെ അമൃത ഫഡ്നാവിസിനെതിരായ കനയ്യയുടെ പരാമർശത്തിനെതിരെ ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തുവന്നു. മറാത്തി വനിതകളെ മുഴുവൻ അപമാനിക്കുന്നതാണ് കനയ്യയുടെ പ്രസ്താവനയെന്നായിരുന്നു പൂനവാലയുടെ ആരോപണം. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്നു അഫ്സൽ ഗുരുവിന്റെ അനുയായിയാണ് കനയ്യയെന്നും പൂനവാല വിമർശിച്ചു. അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ജെ.എൻ.യുവിൽ വെച്ച് 2016ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയെ അറസ്റ്റ് ചെയ്തിരുന്നു. അതാണ് പൂനവാലയുടെ ആരോപണത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.