കന്നട നടൻ ദർശൻ രേണുക സ്വാമി കൊലക്കേസിൽ അറസ്റ്റിൽ
text_fieldsമൈസൂർ: കൊലക്കേസുമായി ബന്ധപ്പെട്ട് ‘റൗഡി ഓഫ് സാൻഡൽവുഡ്’ എന്നറിയപ്പെടുന്ന കന്നട നടൻ ദർശൻ അറസ്റ്റിലായി. കന്നട നടി പവിത്ര ഗൗഡക്ക് മോശം സന്ദേശങ്ങൾ അയച്ച ചിത്രദുർഗയിൽനിന്നുള്ള രേണുക സ്വാമിയുടെ കൊലപാതകത്തിലെ പങ്കാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ അറസ്റ്റ് ചെയ്തതെന്നും ദർശനൊപ്പം ഒമ്പത് പേരെയും അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച കാമാക്ഷി പാളയത്തിലെ അപ്പാർട്ട്‌മെൻ്റിന് സമീപമുള്ള ഓവചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
രേണുക പവിത്ര ഗൗഡക്ക് മോശം സന്ദേശങ്ങൾ അയക്കുകയും ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കീഴിൽ അനുചിതവും അസഭ്യവുമായ കമൻ്റുകൾ പോസ്റ്റ് ചെയ്തതായും പറയുന്നു. ദർശനും പവിത്ര ഗൗഡയും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
രേണുകയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ആദ്യം സംശയിച്ചു. അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയും തുടർന്ന് ദർശനിലേക്കെത്തുകയുമായിരുന്നു.
ദർശന്റെ അടുത്ത കൂട്ടാളിയായ വിനയിന്റെ രാജരാജേശ്വരി നഗറിലെ ഗാരേജിൽവെച്ച് രേണുകയെ ആയുധമുപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു. മൃതദേഹം ഒരു അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായും പറയുന്നു.
‘ദ ഡെവിൾ’ എന്ന തന്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി മൈസൂരിലെത്തിയതായിരുന്നു ദർശൻ. മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിന്റെ മകനാണ്. 2001ൽ ‘മജസ്റ്റിക്’ എന്ന ചിത്രത്തിലൂടെ വന്ന് കാറ്റേര, ഗരാഡി, ക്രാന്തി, റോബർട്ട്, ഇൻസ്പെക്ടർ വിക്രം, ചക്രവർത്തി, താരക്, നാഗരഹാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.