കന്നട ബോർഡ്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും
text_fieldsബംഗളൂരു: കന്നട ബോർഡ് നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ യോഗം ചേരും. ബി.ബി.എം.പി, പൊലീസ് ഉദ്യോഗസ്ഥരുടെയും ആഭ്യന്തര മന്ത്രിയുടെയും സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച നിർദേശങ്ങൾ കൈക്കൊള്ളുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കന്നട ബോർഡ് സ്ഥാപിച്ചില്ലെന്ന പേരിൽ കന്നഡ രക്ഷണ വേദികെ (ടി.എ. നാരായണ ഗൗഡ വിഭാഗം) പ്രവർത്തകർ ബംഗളൂരു നഗരത്തിൽ വ്യാപക അക്രമം നടത്തിയതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കന്നട ബോർഡുകൾ സ്ഥാപിക്കാത്തതിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കർണാടകയിൽ നെയിം ബോർഡുകൾ കന്നടയിൽ സ്ഥാപിക്കണം. ഇത് കന്നട നാടാണ്. ഇവിടെ കന്നഡയിലാണ് ബോർഡുകൾ സ്ഥാപിക്കേണ്ടത്.
മറ്റു ഭാഷകളെ എതിർക്കുകയല്ല. കന്നടക്ക് പ്രാമുഖ്യം ലഭിക്കണം. എന്നാൽ, അതിന്റെ പേരിൽ ആരെങ്കിലും പൊതുമുതലോ മറ്റോ നശിപ്പിച്ചാൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രതിഷേധത്തെ എതിർക്കുന്നില്ല. അനീതിക്കെതിരെയോ നീതി തേടിയോ ആരെങ്കിലും മുദ്രാവാക്യം വിളിക്കുന്നതിനെയും എതിർക്കുന്നില്ല. എന്നാൽ, ആരെങ്കിലും നിയമം കൈയിലെടുത്താൽ നടപടിയുണ്ടാവും’ -സിദ്ധരാമയ്യ വ്യക്തമാക്കി.
അതേസമയം, കന്നടയിൽ നെയിം ബോർഡുകളും പരസ്യ ബോർഡുകളും സ്ഥാപിക്കാത്തതിന്റെ പേരിൽ സ്ഥാപനങ്ങൾക്കെതിരെ നടത്തിയ അക്രമ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ കെ.ആർ.വി നേതാവ് നാരായണ ഗൗഡ അടക്കം 29 പേരെ ബംഗളൂരു മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.