പ്രാദേശിക ഭാഷകളെ മറികടന്ന് ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമം: ഹിന്ദി ദിനത്തില്‍ പ്രതിഷേധമാചരിക്കാൻ കന്നട സംഘടനകള്‍
text_fieldsബംഗളൂരു: പ്രാദേശിക ഭാഷകളെ മറികടന്ന് ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ 'ഹിന്ദി ദിന'മായ തിങ്കളാഴ്ച കന്നട അനുകൂല സംഘടനകൾ പ്രതിഷേധമാചരിക്കും. തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ കാമ്പയിൻ രാഷ്ട്രീയ വിവാദമുയർത്തിയതിന് പിന്നാലെയാണ് കന്നട മണ്ണിലും പ്രതിഷേധമുയരുന്നത്. സെപ്റ്റംബർ 14ന് ഹിന്ദി ദിനമായി ആചരിക്കുന്നതിനെതിരെ 'ഹിന്ദി ഗൊത്തില്ല ഹോഗോ, നാവു കന്നഡിഗരു, നാവു ദ്രാവിഡരു' (ഹിന്ദി അറിയില്ല പോകൂ, ഞങ്ങള്‍ കന്നഡിഗര്‍, ഞങ്ങള്‍ ദ്രാവിഡര്‍) എന്ന ഹാഷ്ടാഗിൽ സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയും കാമ്പയിനുമാണ് നടക്കുന്നത്.
'സെർവ് ഇൻമൈ ലാംഗ്വേജ്' എന്ന ഹാഷ്ടാഗിലും പ്രചാരണം നടക്കുന്നുണ്ട്. 'കന്നഡ ഗൃഹകാര കൂട്ട'യുടെ നേതൃത്വത്തിൽ നടക്കുന്ന ഇൗ കാമ്പയിൻ വെള്ളിയാഴ്ച ട്വിറ്ററിൽ ട്രെൻഡിങ് ഹിറ്റായിരുന്നു. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി ടീ ഷർട്ടുകളും പുറത്തിറക്കിയിട്ടുണ്ട്. 'കര്‍ണാടക രക്ഷണവേദികെ'യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞവര്‍ഷം ഹിന്ദി ദിനം സംസ്ഥാനത്ത് കന്നട സംഘടനകള്‍ കരിദിനമായി ആചരിച്ചിരുന്നു.
ഹിന്ദിക്ക് അമിതപ്രാധാന്യം നല്‍കുന്നതിലൂടെ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരുടെ അവകാശങ്ങൾ കവരുകയാണെന്നാണ് കന്നട സംഘടനകളുടെ ആരോപണം. കേന്ദ്ര സർക്കാറിെൻറ പുതിയ വിദ്യാഭ്യാസ നയവും ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിന് ചൂട്ടുപിടിക്കുന്നതാണ്.
ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഭരണത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കുന്നുവെന്ന ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പരാമര്‍ശം രാഷ്ട്രീയ വിവാദമുയർത്തിയിരുന്നു. ഹിന്ദി സംസാരിക്കാത്തവരെ ഇന്ത്യക്കാരനായി കണക്കാക്കാത്ത വടക്കേ ഇന്ത്യൻ സമൂഹത്തിെൻറ മനോഭാവത്തെ ചോദ്യം ചെയ്ത തമിഴ് രാഷ്ട്രീയ നേതാവ് കനിമൊഴിയും പി. ചിദംബരവും ഉയർത്തിയ വാദത്തെ പിന്തുണച്ചായിരുന്നു കുമാരസ്വാമിയും വിമർശനമുന്നയിച്ചത്.
പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിെൻറ കരട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പ്രസിദ്ധീകരിച്ചതുമുള്പ്പെടെയുള്ള വിഷയങ്ങളിലും കന്നട അനുകൂല സംഘടനകള്‍ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെപ്പേരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കുറിപ്പുകളിടുന്നത്. ചില കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളും കന്നഡിഗരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.