കാൺപൂരിലെ 257കോടിയുടെ കള്ളപ്പണ വേട്ട; വ്യവസായി പീയുഷ് ജെയിൻ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ 257 കോടിയുടെ കള്ളപ്പണ വേട്ടക്ക് പിന്നാലെ വ്യവസായി പീയുഷ് ജെയിൻ അറസ്റ്റിൽ. സി.ജി.എസ്.ടി നിയമം 69ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഞായറാഴ്ച ജി.എസ്.ടി ഇന്‍റലിജൻസ് പീയുഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടത്തിയ റെയ്ഡിലാണ് നികുതി അടക്കാത്ത കോടിക്കണക്കിന് രൂപ ഇയാളുടെ വീട്ടിൽനിന്നും ഓഫിസിൽനിന്നുമായി കണ്ടെത്തിയത്. കാൺപൂർ, കനൗജ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പരിശോധനയിൽ ജെയിനിന്‍റ കാൺപൂരിലെ വീട്ടിൽനിന്ന് 150 രൂപ പ്ലാസ്റ്റിൽ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുത്തു. ഇതുകൂടാതെ സ്വർണം, വെള്ളി തുടങ്ങിയവയും കണ്ടെടുത്തിരുന്നു. ഇതോടെ ജെയിനിന്‍റെ ഉടമസ്ഥതയിലുള്ള 257കോടിയുടെ പണവും സ്വർണവും മറ്റുമാണ് കണ്ടെത്തിയത്.
ജെയിനിന്‍റെ വീട്ടിലെ അലമാരയിൽ നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 36 മണിക്കൂർ നീണ്ടുനിന്നു റെയ്ഡ്. നോട്ടെണ്ണൽ മെഷീൻ ഉപയോഗിച്ചാണ് പണം എണ്ണിത്തീർത്തത്. കണ്ടെയ്നർ ലോറിയിലാക്കി പണം ബാങ്കിലേക്ക് മാറ്റി. ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജെയിനിന്‍റെ ഉടമസ്ഥതയിൽ 40ഓളം കമ്പനികളുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ജെയിനെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ സമാജ്വാദി പാർട്ടി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.