കാൺപൂരിൽ പൊലീസുകാർ കൊല്ലപ്പെട്ട സംഭവം; യു.പിയിലെ ഗുണ്ടാരാജിന് തെളിവെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കാൺപൂരിൽ ഗുണ്ടാസംഘത്തിൻെറ ആക്രമണത്തിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ട സംഭവം ഉത്തർപ്രദേശിലെ ഗുണ്ടാരാജിന് തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊലീസുകാർക്കുപോലും സുരക്ഷയില്ലാത്തപ്പോൾ പൊതുജനങ്ങൾക്ക് എങ്ങനെയാണ് സുരക്ഷ ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
‘യു.പിയിലെ ഗുണ്ടാരാജിൻെറ മറ്റൊരു തെളിവാണിത്. പൊലീസുകാർക്ക് പോലും സുരക്ഷയില്ലാത്തപ്പോൾ, ജനങ്ങൾക്ക് എങ്ങനെയായിരിക്കും? ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഹൃദയത്തിൽനിന്ന് അനുശോചനം രേഖെപ്പടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു. കാൺപൂരിൽ പൊലീസുകാർ കൊല്ലെപ്പട്ടെന്ന വാർത്താഭാഗവും ട്വീറ്റിനൊപ്പം പങ്കുവെച്ചു.
നേരത്തേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും അനുശോചനം അറിയിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെത്തിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയും ചെയ്തു.
കാൺപൂരിൽ ഡിവൈ.എസ്.പി ഉൾപ്പെടെ എട്ടു പൊലീസുകാരെയാണ് ഗുണ്ടാസംഘം വെടിവെച്ച് കൊലെപ്പടുത്തിയത്. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബേക്കായി നടത്തിയ തെരച്ചിലിനിടയിലാണ് സംഭവം.
കാൺപൂർ ദേഹത് ജില്ലയിലെ ശിവ്ലി പൊലീസ് സ്റ്റേഷന് കീഴിലെ ബിക്രു ഗ്രാമത്തിൽ വ്യഴാഴ്ച അർധരാത്രിയിലായിരുന്നു ആക്രമണം. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വികാസ് ദുബേ. ഇയാളെ ഒളിത്താവളത്തിൽനിന്ന് പിടികൂടാനായി പൊലീസ് സംഘം നീങ്ങുന്നതിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് ഗുണ്ടാസംഘം വെടിയുതിർക്കുകയായിരുന്നു.
മരിച്ചവരിൽ ഡിവൈ.എസ്.പിയും മൂന്നു സബ് ഇൻസ്പെക്ടർമാരും നാലു കോൺസ്റ്റബ്ൾമാരും ഉൾപ്പെടും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരുെമത്തി സ്ഥലം പരിശോധിച്ചു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.