ഫേസ്ബുക്ക് പോസ്റ്റിട്ട് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ മിമിക്രി കലാകാരനെ പൊലീസ് തന്ത്രപരമായി രക്ഷപെടുത്തി
text_fieldsകാൺപൂർ: ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മിമിക്രി കലാകാരനെ പൊലീസ് ആസൂത്രിതമായി രക്ഷപെടുത്തി. എന്റെ മരണത്തിന്റെ തത്സമയ സംപ്രേഷണം 12 മണിക്ക് കാണാമെന്നാണ് അർപിത് സെയ്നി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റ് കണ്ട് പരിഭ്രാന്തരായ അർപിതിന്റെ ഫോളോവേഴ്സിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ശേഷം അർപിതിന്റെ വീടിന്റെ മേൽവിലാസം പൊലീസ് അന്വേഷിച്ച് കണ്ടെത്തി. സുഹൃത്തിൽ നിന്ന് ഫോൺ നമ്പർ സംഘടിപ്പിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ അതി ബദാന പൊലീസ് വീട്ടിലെത്തുന്നതുവരെ അർപിതുമായി സംസാരിച്ച് കൊണ്ടിരുന്നു.
വീട്ടിലെത്തിയ പൊലീസ് സംഘം ആത്മഹത്യ ചെയ്യാനായി തയാറാക്കിയ കുരുക്ക് അവിടെ കണ്ടു. കരച്ചിൽ തുടങ്ങിയ അർപിതിനെ ബദാന ആശ്വസിപ്പിച്ചു. സ്ഥലത്തെത്തിയതായും അർപിത് സുഖമായിരിക്കുന്നുവെന്നും ബദാന മാധ്യമങ്ങളെ അറിയിച്ചു.
കോവിഡ് ലോക്ഡൗൺ കാരണം അർപിത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പരാധീനതകൾക്കൊപ്പം മാതാപിതാക്കൾക്ക് അസുഖം ബാധിച്ചതും അർപിതിനെ ബാധിച്ചിരുന്നു. ഈ മാനസിക സംഘർഷങ്ങൾ കാരണമാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. സംഭവ ദിവസം വൈകീട്ട് പൊലീസുകാർക്കൊപ്പം അർപിത് ഫേസ്ബുക്ക് ലൈവിൽ വന്നു. പൊലീസിന്റെ സൽപ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.